പഞ്ചാബിലെ ജലന്ധര്‍ രൂപതയില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍;സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ചേര്‍ത്തല:പഞ്ചാബിലെ ജലന്ധര്‍ രൂപതയ്ക്ക് കീഴിലുള്ള കോണ്‍വെന്റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്സി(31) ചൊവ്വാഴ്ച ആത്മഹത്യചെയ്തു എന്നാണ് സഭയിലെ അധികൃതര്‍ കുടുംബത്തെ അറിയിച്ചത്.
മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പിതാവ് പറയുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് ആരോപിച്ചുകൊണ്ട് മേരി മേഴ്സിയുടെ പിതാവ് ജോണ്‍ ഔസേഫ് ആലപ്പുഴ കളക്ടര്‍ക്ക് പരാതി നല്‍കി.മരണത്തിലും അവിടെവെച്ച് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലും ദുരൂഹതയുണ്ട് അതിനാല്‍ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.29ന് രാത്രിയാണ് മകള്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. അന്ന് മേരി മേഴ്സി വളരെ സന്തോഷത്തിലായിരുന്നു എന്നും കുടുംബം പറഞ്ഞു. ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെക്കുറിച്ച് ആഹ്ളാദത്തോടെ സംസാരിച്ച മേരിമേഴ്സി അന്ന് വീട്ടിലേക്ക് വിളിക്കാമെന്ന് ഉറപ്പുനല്‍കിയതായും പിതാവ് പരാതിയില്‍ പറയുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ജലന്ധര്‍ രൂപതയില്‍പ്പെട്ട സാദിഖ് ഔവ്വര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വന്റിലാണ് സിസ്റ്റര്‍ മേരി മേഴ്‌സി പ്രവര്‍ത്തിച്ചിരുന്നത്.മേരി മേഴ്‌സിയുടെ മരണം ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചതിനു ശേഷം നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത് എന്ന് കോണ്‍വെന്റ് അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സിസ്റ്ററുടെ ആത്മഹത്യാക്കുറിപ്പില്‍ മാതാപിതാക്കളോടും സഭാംഗങ്ങളോടും ക്ഷമചോദിച്ചിട്ടുണ്ടെന്നും പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിലും പൊലീസ് അന്വേഷണത്തിലും ആത്മഹത്യയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.