മകനെ നല്ല മനുഷ്യനായി വളര്‍ത്തും;സ്വന്തം മകനേപ്പോലെ നോക്കിയ ആന്ധ്രാ ദമ്പതികള്‍ക്ക് നന്ദി;സമരം തുടരും, കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അനുപമ

തിരുവനന്തപുരം:കുഞ്ഞിനെ തിരികെ കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും മകനെ നല്ലമനുഷ്യനായി വളര്‍ത്തുമെന്നും അനുപമ പറഞ്ഞു. മൂന്ന് മാസം തന്റെ മകനെ സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ ആന്ധ്രയിലെ ദമ്പതികള്‍ക്കും അനുപമ നന്ദി പറഞ്ഞു. അവര്‍ ഒരു കുറവ് ഇല്ലാതെയാണ് മകനെ നോക്കിയതെന്ന് അറിയാം. ലക്ഷ്വറി ലൈഫ് അല്ലെങ്കിലും തങ്ങള്‍ക്ക് ആവുന്നതുപോലെ നല്ല മനുഷ്യനായി അവനെ വളര്‍ത്തും. അത് എല്ലാവര്‍ക്കും കാണാം എന്നും അനുപമ പറഞ്ഞു.കുഞ്ഞുമായി ശിശുക്ഷേമ സമിതിക്ക് മുന്നില്‍ സമരപ്പന്തലില്‍ എത്തിയ ശേഷമായിരുന്നു അനുപമയുടെ പ്രതികരണം.അതേസമയം സമരം തുടരമെന്ന് ഐക്യദാര്‍ഢ്യസമിതി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി വരുംവരെ സമരം തുടരാനാണ് ഐക്യദാര്‍ഢ്യസമിതിയുടെ തിരുമാനം. അതേസമയം ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിയുടെയും സിഡബ്ല്യുസിയുടെയും ഗുരുതര വീഴ്ചകള്‍ നിരത്തി വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി സമിതി മുന്നോട്ട് പോയി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്.റിപ്പോര്‍ട്ട് വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമ ഇന്ന് സര്‍ക്കാരിന് കൈമാറും.മന്ത്രി വീണാ ജോര്‍ജിനും സെക്രട്ടറിയ്ക്കുമാണ് റിപ്പോര്‍ട്ട് നല്‍കുക. കുഞ്ഞിന്റെ അമ്മ അനുപമ പരാതിയുമായി എത്തിയിട്ടും ദത്ത് നടപടിക്രമങ്ങള്‍ തുടര്‍ന്നു. മാതാപിതാക്കളുടെ സിറ്റിങ് നടത്തിയിട്ടും ദത്ത് നടപടികള്‍ തടയാന്‍ സിഡബ്ല്യുസി വേണ്ട ഇടപെടല്‍ നടത്തിയില്ല. വിവരങ്ങള്‍ പൊലീസിലും അറിയിച്ചിരുന്നില്ല. ഇതില്‍ വ്യക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.