അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം:അനുപമയുടെ കുട്ടിയെ ദത്ത് നല്‍കിയതില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും ഗുരുതര വീഴ്ചകള്‍ ഉണ്ടായതായി വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്. പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി സമിതി മുന്നോട്ട് പോയി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമ ഇന്ന് സര്‍ക്കാരിന് കൈമാറും.മന്ത്രി വീണാ ജോര്‍ജിനും സെക്രട്ടറിയ്ക്കുമാണ് റിപ്പോര്‍ട്ട് നല്‍കുക.കുഞ്ഞിന്റെ അമ്മ അനുപമ പരാതിയുമായി എത്തിയിട്ടും ദത്ത് നടപടിക്രമങ്ങള്‍ തുടര്‍ന്നു. മാതാപിതാക്കളുടെ സിറ്റിങ് നടത്തിയിട്ടും ദത്ത് നടപടികള്‍ തടയാന്‍ സിഡബ്ല്യുസി വേണ്ട ഇടപെടല്‍ നടത്തിയില്ല. വിവരങ്ങള്‍ പൊലീസിലും അറിയിച്ചിരുന്നില്ല. ഇതില്‍ വ്യക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കുഞ്ഞിനെ അനുപമ തിരയുന്ന കാര്യം ഇവര്‍ നേരത്തെ അറിഞ്ഞിരുന്നതാണ്.ശിശുക്ഷേമ സമിതിയുടെ റജിസ്റ്ററില്‍ നിന്ന് ചില ഭാഗങ്ങള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പത്രപ്പരസ്യം കണ്ട ശേഷം നിരവധി തവണ അജിത്ത് ഷിജുഖാനെ കണ്ടിരുന്നു. സമിതിയില്‍ ചെന്നപ്പോള്‍ താന്‍ റജിസ്റ്ററില്‍ ഒപ്പ് വച്ചിരുന്നുവെന്ന് അനുപമയും പറഞ്ഞിരുന്നു. എന്നാല്‍ ഇത് രേഖകളില്‍ ഇല്ലെന്നായിരുന്നു സമിതിയുടെ വാദം. തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന അനുപമയുടെ സംശയത്തെ ശരി വയ്ക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

© 2024 Live Kerala News. All Rights Reserved.