ഭൂനിയമഭേദഗതി: കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി; കയ്യേറ്റക്കാരെ സഹായിക്കുന്നതെന്ന് ആരോപണം

 

തിരുവനന്തപുരം: ഭൂനിയമത്തില്‍ ചര്‍ച്ചകള്‍ കൂടാതെ വലിയമാറ്റങ്ങള്‍ കൊണ്ടു വന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. കയ്യേറ്റക്കാരെ നേരിട്ടു സഹായിക്കുന്ന വ്യവസ്ഥകളടങ്ങുന്ന ഉത്തരവു ചര്‍ച്ചകൂടാതെ പുറപ്പെടുവിച്ചതിലാണ് പാര്‍ട്ടി നേതൃത്വത്തിനും ഇടുക്കി ഡിസിസിക്കും എതിര്‍പ്പുള്ളത്. ഇന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും റവന്യൂ മന്ത്രി അടൂര്‍ പ്രകാശുമായി നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യും.

അതേസമയം, ഭൂനിയമഭേദഗതി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കയ്യേറ്റവും കുടിയേറ്റവും രണ്ടും രണ്ടാണ്. കയ്യേറ്റക്കാരെ സഹായിക്കുന്നതാണു ഭേദഗതി. ഇക്കാര്യം ആവശ്യപ്പെട്ട് സതീശന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു. 2005 വരെയുള്ള കൈവശഭൂമിക്കു പട്ടയം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം. യുഡിഎഫോ പാര്‍ട്ടിയോ അറിയാതെയുള്ള ഈ തീരുമാനം ആരുടേതാണെന്നു മുഖ്യമന്ത്രിയും റവന്യുമന്ത്രിയും വ്യക്തമാക്കണം. കുടിയേറ്റക്കാര്‍ക്കൊപ്പം കയ്യേറ്റക്കാരെക്കൂടി ഉള്‍പ്പെടുത്തി ഭൂമി പതിച്ചു നല്‍കാനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

നിയമഭേദഗതി കയ്യേറ്റക്കാരെ സഹായിക്കുന്നതാണെന്നാണ് പാര്‍ട്ടിയില്‍ പൊതുവെ ഉയര്‍ന്നിരിക്കുന്ന അഭിപ്രായം. നിബന്ധനകളില്ലാതെ ഉപാധികളും ഇളവു ചെയ്തു പട്ടയം നല്‍കുന്നത്, വന്‍തോതില്‍ സര്‍ക്കാര്‍ഭൂമി നഷ്ടപ്പെടുന്നതിനു ഇടയാക്കും. കൂടാതെ നാലേക്കര്‍വരെ ഭൂമി കൈയ്യേറ്റക്കാര്‍ക്കു പതിച്ചു നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പതിച്ചു നല്‍കുന്ന ഭൂമി 25 വര്‍ഷത്തേക്കു വില്‍ക്കരുത് എന്ന ചട്ടവും മാറ്റി. ഇത് റിസോട്ട്, ഭൂ മാഫിയകളെ വഴിവിട്ടു സഹായിക്കുന്നതാണെന്ന വിമര്‍ശനം വിളിച്ചു വരുത്തും.

പാര്‍ട്ടിയിലോ മുന്നണിയിലോ വിഷയം ചര്‍ച്ച ചെയ്തില്ല എന്നതും വിമര്‍ശനത്തിനു ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല നിയമസഭ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനയ്ക്കു പോലും ഈ ഭേദഗതികള്‍ വന്നില്ല. ഇത്ര തിരക്കിട്ട് ഇവ നടപ്പാക്കിയത് എന്തിനെന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്.

അതേസമയം, ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ നടപടി പ്രഹസനമാണെന്ന് താമരശേരി ബിഷപ്പ് മാര്‍ റമീജിയോസ് ഇഞ്ചയാനിയില്‍ അറിയിച്ചു. കര്‍ഷകവിരുദ്ധമായാണു സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും ബിഷപ്പ് പറഞ്ഞു

© 2024 Live Kerala News. All Rights Reserved.