കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎന്‍എ ഫലം കൈമാറി

തിരുവനന്തപുരം: ദത്ത് കേസില്‍ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞു.അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധന ഫലം പോസിറ്റീവാണ്. ഇതോടെ കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് തെളിഞ്ഞു.ഇതോടെ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. പരിശോധനാ ഫലം കോടതിയില്‍ ഹാജരാക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടി. കേസിന്റെ കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്തം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല.കുഞ്ഞിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിച്ചിരുന്നു. ആന്ധ്രയില്‍ നിന്നാണ് കുഞ്ഞിനെ കൊണ്ടുവന്നത്. കര്‍ശന സുരക്ഷയിലാണ് കുഞ്ഞിനെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിലെത്തിച്ചിരുന്നത്.സന്തോഷമുണ്ടെന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ കയ്യില്‍ കിട്ടുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും പരിശോധന ഫലം പുറത്തുവന്ന ശേഷം അനുപമ മാധ്യമങ്ങളോട് പറഞ്ഞു.ഒക്ടോബര്‍ 14 നാണ് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പുറത്തായത്. തന്റെ വീട്ടുകാര്‍ തന്നെയാണ് കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമ പറയുന്നത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും പ്രതിക്കൂട്ടിലായിരുന്നു. തുടര്‍ന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.