അനുപമയുടെ കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലേയ്ക്ക്;കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കും

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരി ച്ചു.കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് വിവരം. കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ ദമ്പതികളെ അറിയിച്ചിരുന്നു. ഇന്ന് തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ കുഞ്ഞിനെയും കൊണ്ട് ഉദ്യോഗസ്ഥസംഘം കേരളത്തിലെത്തും. കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎന്‍എ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്‌നോളജിയില്‍ ഫലം വരും. ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. അതേസമയം അമ്മഅറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസ് ഇന്ന് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.