ഇന്ധന നികുതി കുറച്ച് രാജസ്ഥാന്‍;പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും കുറച്ചു

ജയ്പൂര്‍:കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി കുറച്ചതിനു പിന്നാലെ സംസ്ഥാന നികുതി കുറച്ച് രാജസ്ഥാന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിന് പിന്നാലെ രാജസ്ഥാനും ഇന്ധന നികുതിയില്‍ കുറവുവരുത്തി. പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനില്‍ നികുതി കുറച്ചതോടെ പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും ലിറ്ററിന് കുറയും. പുതിയ വില ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. നികുതി കുറച്ചതോടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ പ്രതിവര്‍ഷം 3500 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് നേരത്തെ പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചിരുന്നു. ഇതുവരെ ഇന്ധനത്തിന് മേലുള്ള വാറ്റ് നികുതി കുറച്ചത് 27 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്. രാജ്യത്ത് പെട്രോളിന് ഏറ്റവും അധികം വില കുറഞ്ഞത് പഞ്ചാബിലാണ്. ഡീസലിന് ഏറ്റവും വില കുറഞ്ഞത് കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലും.

പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതിയില്‍ കുറവുവരുത്തിയത്. സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആദ്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കാന്‍ തയാറായത്. ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 27 ഇടങ്ങളിലാണ് വാറ്റ് നികുതി കുറച്ചത്. ഇതോടെ പെട്രോളിന് 16.02 രൂപവരെയും ഡീസലിന് 19.61 രൂപ വരെയുമാണ് കുറഞ്ഞത്.അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലാണ് പെട്രോളിന് ഏറ്റവും അധികം രൂപ കുറഞ്ഞത്. ഒരു ലിറ്റര്‍ പെട്രോളിന് 16.02 രൂപയാണ് സംസ്ഥാനത്ത് കുറഞ്ഞത്. ലഡാക്കില്‍ 13.43 രൂപയും കര്‍ണാടകയില്‍ 13.35 രൂപയുമാണ് കുറഞ്ഞത്.പഞ്ചാബില്‍ പെട്രോളിന്റെ വാറ്റ് നികുതിയില്‍ ആകെ 11.27 രൂപയാണ് കുറഞ്ഞത്. അടുത്ത വര്‍ഷമാദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ 6.96 രൂപയും ഗുജറാത്തില്‍ 6.82 രൂപയും ഒഡീഷയില്‍ 4.55 രൂപയും ബിഹാറില്‍ 3.21 രൂപയുമാണ് കുറച്ചത്.എക്‌സൈസ് തീരുവയ്ക്ക് പിന്നാലെ വാറ്റ് വെട്ടിക്കുറച്ചതിനാല്‍ ഡീസലിന് ലിറ്ററിന് ഏറ്റവും അധികം വില കുറഞ്ഞത് ലഡാക്കിലാണ്. 9.52 രൂപയാണ് ഇവിടെ വാറ്റ് നികുതി കുറച്ചത്. കര്‍ണാടക വാറ്റ് 9.30 രൂപ കുറച്ചപ്പോള്‍ പുതുച്ചേരിയില്‍ 9.02 രൂപ കുറച്ചു. പഞ്ചാബ് ഡീസലിന്റെ മൂല്യവര്‍ധിത നികുതിയില്‍ ലിറ്ററിന് 6.77 രൂപ കുറച്ചപ്പോള്‍ ഉത്തര്‍പ്രദേശ് 2.04 രൂപ നികുതിയിനത്തില്‍ കുറച്ചു.
ഉത്തരാഖണ്ഡ് ഡീസലിന്റെ വാറ്റ് ലിറ്ററിന് 2.04 രൂപയും ഹരിയാനയില്‍ 2.04 രൂപയും കുറച്ചിട്ടുണ്ട്. ബിഹാറില്‍ വാറ്റ് 3.91 രൂപയും ഒഡീഷയില്‍ 5.69 രൂപയും കുറച്ചിട്ടുണ്ട്. മധ്യപ്രദേശ് ഡീസല്‍ ലിറ്ററിന് 6.96 രൂപ കുറച്ചു.

ലഡാക്ക്, കര്‍ണാടക, പുതുച്ചേരി, ജമ്മു & കശ്മീര്‍, സിക്കിം, മിസോറാം, ഹിമാചല്‍ പ്രദേശ്, ദാമന്‍ & ദിയു, ദാദ്ര & നാഗര്‍ ഹവേലി, ചണ്ഡീഗഡ്, അസം, മധ്യപ്രദേശ്, ത്രിപുര, ഗുജറാത്ത്, നാഗാലാന്‍ഡ്, പഞ്ചാബ്, രാജസ്ഥാന്‍, ഗോവ, മേഘാലയ, ഒഡീഷ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ആന്‍ഡമാന്‍ & നിക്കോബാര്‍, ബീഹാര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വാറ്റ ് നികുതി കുറച്ച്ത്. കോണ്‍ഗ്രസോ സഖ്യകക്ഷികളോ ഭരിക്കുന്ന ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, എഎപി ഭരിക്കുന്ന ഡല്‍ഹി, ടിഎംസി ഭരിക്കുന്ന പശ്ചിമ ബംഗാള്‍, ഇടതുപക്ഷം ഭരിക്കുന്ന കേരളം, ടിആര്‍എസ് നയിക്കുന്ന തെലങ്കാന, വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശ് എന്നിവയും വാറ്റ് കുറച്ചിട്ടില്ല.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602