എന്തിന് ഇനിയും ഉപഭോക്താവിനെ കൊള്ളയടിക്കണം; ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും ഇന്ധനവിലയില്‍ മാറ്റമില്ല; എരിതീയില്‍ എണ്ണപകര്‍ന്ന് എക്‌സൈസ് തീരുവ കൂട്ടി

ന്യൂഡല്‍ഹി: ഉപഭോക്താവിനെ പരമാവധി കൊള്ളയടിക്കാന്‍ പറ്റിയൊരു അവസരംവേറെയില്ല, എണ്ണക്കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാറിനും. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ ഇന്ധനവിലകൂടുന്ന പ്രതിഭാസംമാത്രം. പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ കഴിഞ്ഞദിവസം നേരിയ കുറവ് വരുത്തിയതിന് പിന്നാലെ സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചിരിക്കുന്നു. പെട്രോളിന്മേല്‍ ലിറ്ററിന് 30 പൈസയും ഡീസലിന്മേല്‍ ലിറ്ററിന് 1.17 രൂപയുമാണ് തീരുവ വര്‍ധിപ്പിച്ചത്. ഇതിലൂടെ സര്‍ക്കാരിന് ലഭിക്കുക 2,500 കോടിയുടെ അധികവരുമാനവും്.അസംസ്‌കൃത എണ്ണവില കൂപ്പുകുത്തിയതിനെതുടര്‍ന്ന് ബുധനാഴ്ചയാണ് പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറച്ചത്. അന്താരാഷ്ട്രവിപണിയില്‍ 2009 ഫിബ്രവരിക്കു ശേഷം ആദ്യമായാണ് അസംസ്‌കൃത എണ്ണവില 35 ഡോളറില്‍ താഴെ എത്തുന്നത്.
ഇതിനുമുമ്പ് നവംബര്‍ 30ന് പെട്രോളിന് 58 പൈസയും ഡീസലിന് 25 പൈസയും എണ്ണകമ്പനികള്‍ കുറച്ചിരുന്നു. അന്ന് അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് ശരാശരി 41.17 ഡോളറായിരുന്നു വില. ഡിസംബര്‍ 13ന് ഇത് 35.72 ഡോളറായാണ് കുറഞ്ഞത്. ജനങ്ങള്‍ക്ക് ലഭിച്ചതാകട്ടെ 50 പൈസയുടെ നേട്ടവും. ഒടുവില്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് അതും സര്‍ക്കാര്‍ കവര്‍ന്നു. ആറ് ആഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. നവംബര്‍ ഏഴിന് പെട്രോളിന് 1.60 പൈസയും ഡീസലിന് 30 പൈസയും തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതിലൂടെമാത്രം സര്‍ക്കാരിന് ലഭിക്കുക 3,200 കോടിയുടെ അധികവരുമാനമാണ്.

aviation fuel_4C

11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് ഇപ്പോഴുള്ളത്. 34.52 ഡോളര്‍. 34.52* 67 =2312.84 രൂപ. ഇതാണ് ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ .ഇപ്പോഴത്തെ വില. ഒരു ബാരല്‍ എന്നാല്‍ 159 ലിറ്റര്‍. 2312.84/159=14.54 രൂപ ഒരു ലിറ്ററിന്. ലോകത്തെ ഏറ്റവും കുറഞ്ഞ ശുദ്ധീകരണ ചെലവുള്ള (1.10രൂപ) ഇന്ത്യയില്‍ 16 രൂപയില്‍ താഴെ മാത്രമേ പെട്രോളിനും ഡീസലിനും ഉത്പാദന ചെലവ് വരൂ. ബാക്കി നികുതി, കമ്മീഷന്‍ എന്നിവയില്‍ വരുന്നതും. ഇനി ഒരു ലിറ്റര്‍ ക്രൂഡ് ഓയിലില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടുമോ എന്നതാണു മറ്റൊരു ചോദ്യം. ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുമ്പോള്‍ ഒരേ ശുദ്ധീകരണ പ്രക്രിയയില്‍ നിന്ന് തന്നെയാണ് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം തുടങ്ങിയ ഇന്ധനങ്ങള്‍ ലഭിക്കുക. ശുദ്ധീകരണത്തിന്റെ വിവിധ തലങ്ങളിലാണ് വ്യത്യസ്ഥ ഇന്ധന രൂപങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത്. ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ചെടുക്കുമ്പോള്‍ അളവില്‍ കണക്കാക്കപ്പെടേണ്ടയത്ര കുറവുണ്ടാവുന്നില്ലെന്ന് ചുരുക്കം. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2014 ജൂണില്‍ 101 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ ആണ് ഇപ്പോള്‍ 34ല്‍ എത്തി നില്‍ക്കുന്നത്. അന്നത്തെ രൂപയുടെ വിനിമയ നിരക്ക് 60.16 രൂപ. 60.16ഃ101=6076.16 രൂപ 6076.16/159=38.21 രൂപ. ഇപ്പോഴത്തെ രൂപയുടെ മൂല്യമനുസരിച്ച് ക്രൂഡ് ഓയില്‍ വില ലിറ്ററിന് 14.54 രൂപ. 24 രൂപയുടെ കുറവ് ഒരു ലിറ്ററിന് ക്രൂഡ് ഓയിലില്‍ ഉണ്ടായി. ജനങ്ങള്‍ക്ക് ഈ കുറവ് ലഭ്യമായോ? ഈ കൊള്ള ലാഭം ആര്‍ക്കാണു കിട്ടിയത്? പെട്രോള്‍ വില നിയന്ത്രണം നീക്കി എണ്ണവില അടിക്കടി കൂട്ടാനുള്ള നയം തുടങ്ങിവച്ചത് 2010 ജൂണ്‍ 25 നു മന്‍മോഹന്‍ സിങ്ങായിരുന്നു. 2014 ഒക്ടോബറില്‍ മോഡി ഡീസല്‍ വിലനിയന്ത്രണം നീക്കി. നികുതിയുള്‍പ്പെടെ തന്നെ പരമാവധി 30 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കാമെന്നിരിക്കെയാണ് 68.12 രൂപ ഈടാക്കി എണ്ണക്കമ്പനികള്‍ പകല്‍കൊള്ള തുടരുന്നത്.

© 2024 Live Kerala News. All Rights Reserved.