ഭൂമി പതിക്കല്‍ നിയമഭേദഗതി പെട്ടന്നുള്ള തീരുമാനമല്ലെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഭൂമി പതിക്കല്‍ നിയമഭേദഗതി പെട്ടന്നെടുത്ത തീരുമാനമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ മുതല്‍ ഉയര്‍ന്നുവന്ന ആവശ്യമാണ്. തലമുറകളായി ഭൂമി കൈവശം വച്ചിരുന്നവര്‍ക്കാണ് രേഖ നല്‍കുക. നടപടി ക്രമങ്ങള്‍ പാലിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. വരുമാനപരിധി ഒഴിവാക്കണമെന്നുള്ളത് സര്‍ക്കാര്‍ നയമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, നിയമഭേദഗതി സംബന്ധിച്ച് കെപിസിസി സര്‍ക്കാരിനോട് വിശദീകരണം തേടി. പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി അടൂര്‍ പ്രകാശുമായി സംസാരിച്ചു. ഏതു സാഹചര്യത്തിലാണ് നിയമഭേദഗതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിലെ നിയമസാധുത എന്താണെന്നും സുധീരന്‍ ചോദിച്ചു.

മലയോരപ്രദേശങ്ങളില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കയ്യേറ്റങ്ങള്‍ക്കു പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ നിയമപ്രകാരം 1971 ഓഗസ്റ്റ് മാസം വരെയുള്ള കയ്യേറ്റങ്ങള്‍ക്കേ പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ളൂ. നാലു ഏക്കര്‍ വരെ പട്ടയങ്ങള്‍ നല്‍കുന്നതിനാണ് തീരുമാനം. ഭൂമി പതിച്ചുനല്‍കല്‍ ചട്ടത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ അസാധാരണ വിജ്ഞാപനവുമിറക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.