ഭൂമി തട്ടിപ്പു കേസുകളില്‍ സലീംരാജ്അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സിബിഐ

തിരുവനന്തപുരം: കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലീം രാജ് അധികാരദുര്‍വിനയോഗം നടത്തിയെന്ന് സിബിഐ. ഇതിനുള്ള വ്യക്തമായ തെളിവ് ലഭിച്ചതായും സിബിഐ വ്യക്തമാക്കി. കേസില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്കു വന്‍തോതില്‍ പണം കിട്ടിയതായും സലീം രാജ് മുഖേനയാണു പണം കൈമാറിയതെന്നും സിബിഐക്ക് വിവരം കിട്ടിയിട്ടുണ്ട്. രേഖകളില്‍ തിരുത്തല്‍ വരുത്തുന്നതിനാണ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയത്. സലിം രാജിന്റെ ബന്ധുക്കളില്‍നിന്നാണ് ഇവര്‍ പണം കൈപ്പറ്റിയത്. സലീം രാജിന്റെ പേര് കൂടി ഉള്‍പ്പെടുത്തിയാണ് വില്‍പ്പന കരാര്‍ തയാറാക്കിയത്. ആറു കരാറുകളില്‍ സലീമിന്റെ പേരുണ്ടെന്നും കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ വച്ചാണ് തട്ടിപ്പിനായി ബന്ധുക്കള്‍ ഉള്‍പ്പടെയുള്ള മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയത്. ഉന്നതതലത്തിലുള്ള ഗൂഢാലോചന ഭൂമി തട്ടിപ്പിനു പിന്നിലുണ്‌ടെന്നാണു സിബിഐയുടെ സംശയം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനു പങ്കുണ്ടോയെന്നും സിബിഐ അന്വേഷിക്കും.

© 2024 Live Kerala News. All Rights Reserved.