കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി കിരണ്‍ പിടിയില്‍;

പാലക്കാട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കിരണ്‍ അറസ്റ്റില്‍. കൊല്ലങ്കോട് നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബാങ്കിലെ ഒട്ടുമിക്ക തട്ടിപ്പുകളുടെയും ഇടനിലക്കാരനാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പെരിഞ്ഞനം പള്ളത്ത് കിരണ്‍ ആണ് അറസ്റ്റിലായത്. ബാങ്കില്‍ അംഗത്വം പോലുമില്ലാത്ത കിരണ്‍ തന്റെ പേരിലും ബിനാമി പേരുകളിലുമായി 22 കോടിയോളം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇതോടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലുള്ള മുന്‍ ഭരണ സമിതിയിലെ രണ്ട് പേരെ കൂടി മാത്രമാണ് പിടികൂടാനുള്ളത്.
കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഓഡിറ്റ് പരിശോധനാ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും മുഖ്യ ഇടനിലക്കാരന്‍ എന്ന് കണ്ടെത്തിയ വ്യക്തിയാണ് പെരിഞ്ഞനം പള്ളത്ത് കിരണ്‍. ബാങ്കില്‍ അംഗത്വം പോലുമില്ലാതെ കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. കിരണിന്റെ പേരില്‍ 50 ലക്ഷം രൂപയുടെ ഒരു വായ്പയും 45 ബെനാമി വായ്പകളുമുണ്ട്. ഇതില്‍ പലതും 50 ലക്ഷം രൂപ വീതം എടുത്തവയാണ്. കിരണ്‍ മൂലം ബാങ്കിനുണ്ടായത് ആകെ 22.85 കോടി രൂപയുടെ ബാധ്യതയാണ് എന്നാണ് വിവരം. ക്രമക്കേട് കണ്ടെത്തിയ ഓഡിറ്റിനിടെ പരിശോധനാ സംഘം ആദ്യഘട്ടത്തില്‍ കിരണിനോടു വിവരങ്ങള്‍ തേടിയിരുന്നു എന്നാണ് വിവരം. എന്നാല്‍ ബിനാമി വായ്പകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇയാള്‍ തയാറായില്ല. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തുകയായിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതു മുതല്‍ കിരണ്‍ ഒളിവിലാണ്. തമിഴനാട്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കിരണ്‍ ഒളിവില്‍ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

© 2024 Live Kerala News. All Rights Reserved.