ആലപ്പുഴ: പതിനാലുകാരനെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ പല്ലന സ്വദേശി അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. അയല്‍വാസി ശാര്‍ങ്ങധരനെതിരെയാണ് പരാതി. തന്റെ പേരക്കുട്ടികളെ കളിക്കാന്‍ ഒപ്പം കൂട്ടിയെന്ന് ആരോപിച്ചാണ് അയല്‍വാസി ശാരങ്ധരന്‍ കുട്ടിയെ മര്‍ദിച്ചത്. ശാര്‍ങ്ങധരന്റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേര്‍ന്ന് കളിക്കുന്നതിനിടെ ശാരങ്ങധരന്‍ വരികയും സ്വന്തം കൊച്ചുമക്കളെ പൊതിരെ തല്ലുകയും ചെയ്തു. കുട്ടികളുടെ കളിസാധനങ്ങള്‍ ഇയാള്‍ എടുത്ത് വച്ചു. അതെന്തിനാണ് എടുത്തതെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയത്. അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്. കുട്ടിയുടെ ദേഹത്ത് കരുവാളിച്ച പാടുകളുണ്ടെന്നും ക്രൂരമര്‍ദ്ദനമാണ് ശാര്‍ങ്ങധരന്‍ നടത്തിയതെന്നും അരുണിന്റെ അച്ഛന്‍ പറയുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനാ വിധേയനാക്കിയപ്പോള്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സക്കായി കൊണ്ടുപോയിരിക്കുകയാണ് ഇപ്പോള്‍. പൊലീസ് ഇന്ന് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.