കോവിഡ് ചികിത്സയ്ക്ക് ഇനി ഗുളികയും; ‘മോള്‍നുപിരവിറി’ന് അംഗീകാരം നല്‍കി ബ്രിട്ടന്‍

ലണ്ടന്‍: പ്രതിരോധ കുത്തിവെയ്പ്പിന് പിന്നാലെ കോവിഡ് ചികിത്സയ്ക്ക് ആന്റിവൈറല്‍ ഗുളികകള്‍ നല്‍കാന്‍ അനുമതി നല്‍കി ബ്രിട്ടന്‍. അമേരിക്കന്‍ നിര്‍മിതമാ. ‘മോള്‍നുപിരവിര്‍’ ഗുളികകളാണ്് കോവിഡ് രോഗികള്‍ക്ക് നല്‍കുക. ഗുരുതരമായ കോവിഡ് രോഗികള്‍ക്ക് ദിവസം രണ്ട് നേരം ഗുളിക നല്‍കാനാണ് ബ്രിട്ടിഷ് മെഡിസിന്‍സ് റഗുലേറ്റര്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കോവിഡ് ചികില്‍സയ്ക്കായി ആന്റി വൈറല്‍ ഗുളിക ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്.ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ഇന്‍ഫ്‌ലുവന്‍സ ചികിത്സയ്ക്കായി വികസിപ്പിച്ച ഗുളിക, കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനോ മരണപ്പെടാനോ ഉള്ള സാധ്യത പകുതിയായി കുറച്ചതായി കണ്ടെത്തി.ദുര്‍ബലരും പ്രതിരോധശേഷി കുറഞ്ഞവരുമായവരില്‍ ഈ ചികിത്സ നിര്‍ണായകയമായ മാറ്റമായിരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. രോഗത്തിന്റെ തുടക്കത്തിലേ ഈ ഗുളിക കഴിക്കുന്നതുമൂലം പലര്‍ക്കും ആശുപത്രിവാസവും ഒഴിവാക്കാനാകും. യുഎസ് കമ്പനികളായ മെര്‍ക്ക്, ഷാര്‍പ്, ഡോം (MSD) ആണ് ഗുളിക വികസിപ്പിച്ചത്. കുത്തിവെപ്പിലൂടെയല്ലാതെ കോവിഡ് ചികിത്സയ്ക്കുള്ള ആദ്യ മരുന്ന് ആയാണ് മോള്‍നുപിരവിറിനെ വിശേഷിപ്പിക്കുന്നത്. നവംബറില്‍ തന്നെ ഇവ ബ്രിട്ടനില്‍ വിതരണത്തിന് എത്തും. കോവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഗുളിക കഴിച്ചു തുടങ്ങുന്നതാണു കൂടുതല്‍ ഫലപ്രദമെന്നാണ് ഗവേഷകര്‍ പറയുന്നത്.ബ്രിട്ടനു പുറമേ അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും എംഎസ്ഡി കമ്പനിയുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.