വാഹനവ്യൂഹത്തിലെ അജ്ഞാത കാര്‍; ഉറക്കം നഷ്ടപ്പെട്ട് നവാസ് ഷെരീഫ്

 

ഇസ്‌ലാമാബാദ്:വാഹനവ്യൂഹത്തിലേക്ക് സംശയാസ്പദമായി കടന്നുകയറിയ കാര്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉറക്കം കെടുത്തുന്നതായി പാക്ക് മാധ്യമങ്ങള്‍. ഹില്‍ റിസോര്‍ട്ടായ മുറിയില്‍ നിന്ന് ഇസ്‌ലാമാബാദിലേക്കു ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഒരു കാര്‍ ഷെരീഫിന്റെ വാഹനവ്യൂഹത്തിലേക്ക് കടന്നുകയറിയത്. വന്‍ സുരക്ഷാവീഴ്ചയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

നവാസ് ഷെരീഫിന്റെ വാഹനവ്യൂഹത്തെ മറികടക്കുന്നതിനു ശ്രമിച്ച കാര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ വ്യോമസേനയിലെ എയര്‍ കമോഡോര്‍ ഹഫീസ് ഉര്‍ റഹ്മാന്റെ കാറായിരുന്നു അതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലെടുത്ത ഇയാളെ വിട്ടയച്ചു.

ലഷ്‌കറെ ജാങ്‌വി ഭീകരവാദ ഗ്രൂപ്പിന്റെ നേതാവ് മാലിക് ഇസഹാക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. രാജ്യമൊട്ടാകെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.