മുന്‍ അഫ്ഗാന്‍ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ ഉത്തരവിട്ട് താലിബാന്‍

കാബൂള്‍: മുന്‍ അഫ്ഗാന്‍ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ ഉത്തരവിട്ട് താലിബാന്‍. സര്‍ക്കാര്‍ ജീവനക്കാര്‍, നിയമനിര്‍മ്മാതാക്കള്‍ തുടങ്ങിയവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് താലിബാന്റെ ഉത്തരവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അമേരിക്കയുമായി ബന്ധപ്പെട്ട് മുമ്പ് പ്രവര്‍ത്തിച്ച എല്ലാവരുടെയും അക്കൗണ്ടുകളുടെ പട്ടിക സ്വകാര്യ ബാങ്കുകള്‍ക്ക് താലിബാന്‍ നല്‍കി. മരവിപ്പിക്കാന്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളില്‍ അഫ്ഗാനിലെ മുന്‍ മന്ത്രിമാര്‍, ഡെപ്യൂട്ടികള്‍, എംപിമാര്‍, മേയര്‍മാര്‍ എന്നിവരും ഉള്‍പ്പെടും.

താലിബാന്‍ ആക്രമണത്തിന് പിന്നാലെ പൂട്ടിയിട്ടിരുന്ന കാബൂളിലെ ബാങ്കുകള്‍ ഉടന്‍ തുറക്കണമെന്നും ഉത്തരവിട്ടിരുന്നു. പണം പന്‍വലിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. നിരവധി പേരാണ് പണം ലഭിക്കാനായി ക്യൂ നില്‍ക്കുന്നത്.

അമേരിക്കയുമായി ബന്ധപ്പെട്ട് കിടക്കുന്ന അഫ്ഗാന്‍ ഫണ്ടുകള്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം മരവിപ്പിച്ചിരുന്നു. ഇതോടെ കോടിക്കണക്കിന് പണമാണ് താലിബാന് നഷ്ടപ്പെട്ടത്. അഫ്ഗാന് വേണ്ടി നീക്കി വച്ചിരുന്ന 440 മില്യണ്‍ ഡോളര്‍ ഫണ്ട് ഐഎംഎഫും തടഞ്ഞു.