അഫ്ഗാൻ യുദ്ധകേന്ദ്രങ്ങളിൽ നിന്നും പിന്മാറാനൊരുങ്ങി യുഎസ്

യുഎസ് സൈന്യം അഫ്ഗാനിസ്താനിൽ നിന്നും പിൻവാങ്ങുന്നു. 20 വർഷ കാലത്തെ സംരക്ഷണത്തിന് ശേഷമാണ് പിന്മാറ്റം.ബഗ്രാമിലെ യുഎസിന്റെ എയർഫീൽഡിൽ നിന്നും അവസാനത്തെ സൈനികനും ഇന്ന് പിൻവാങ്ങുമെന്ന് യുഎസ് അധികൃതർ അറിയിച്ചു. വർഷങ്ങളായി നടന്ന അൽ ഖ്വായ്ദ, താലിബാൻ വേട്ട ഇനി ആര് നടത്തും എന്ന ചോദ്യം ബാക്കി നിർത്തിക്കൊണ്ടാണ് യുഎസ് പിൻമാറാൻ തീരുമാനിച്ചത്.

2001 സെപ്റ്റംബർ 11 ന് യുഎസിലെ നാല് വിമാനങ്ങൾ ഹൈജാക്ക് ചെയ്ത് തകർത്തുകൊണ്ട് ഭീകരസംഘടനകൾ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അമേരിക്കൻ സേന അഫ്ഗാനിസ്താനിൽ എത്തിയത്. താലിബാൻ അൽ ഖ്വായ്ദ ഭീകര സംഘടനകളുടെ ആക്രമണത്തെ പ്രതിരോധിക്കാനാണ് സൈന്യം കേന്ദ്രങ്ങളിൽ തമ്പടിച്ചത്. ശരിയായ രീതിയിൽ ഒരു റൺവേയോ വൈദ്യുതിയോ ഇല്ലാതിരുന്ന പ്രദേശത്ത് ഇപ്പോൾ കടകളും ജിമ്മും, സ്‌കൂളും ഉണ്ട്.