ദുബായ്‌ ഉപഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യ വ്യവസായ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം (76) അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ സഹോദരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. അന്തരിച്ച ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ രണ്ടാമത്തെ മകനാണ് ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം. 1945 ഡിസംബര്‍ 25നാണ് ഷെയ്ഖ് ഹംദാന്‍ ജനിച്ചത്.

ദുബായ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കേംബ്രിഡ്ജിലെ ബെല്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ ഉപരിപഠനം നടത്തി. 1971 ല്‍ യുഎഇയുടെ ആദ്യത്തെ ധനകാര്യ വ്യവസായ മന്ത്രിയായി. മരിക്കുന്നതു വരെ അദ്ദേഹം ഈ പദവി വഹിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളും സര്‍ക്കാര്‍ ചെലവുകളും വികസിപ്പിക്കുന്നതില്‍ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചു.

© 2024 Live Kerala News. All Rights Reserved.