ഒരുമയ്ക്കായി ആഹ്വാനം ചെയ്ത് മുല്ല അക്തറിന്റെ ശബ്ദസന്ദേശം

 

ഇസ്‌ലാമാബാദ്: ലക്ഷ്യം നേടാനായി എല്ലാവരും ഒരുമിച്ചുനില്‍ക്കണമെന്ന് അഫ്ഗാന്‍ താലിബാന്‍ പുതിയ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍. സ്ഥാനമാനങ്ങളുടെ പേരില്‍ നമ്മള്‍ വിഘടിച്ചുനിന്നാല്‍ അതു ശത്രുവിന് കൂടുതല്‍ ബലം നല്‍കും. അതിനാല്‍ ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് മന്‍സൂര്‍ ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നു. 30 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ഈ സന്ദേശം.

ഇസ്‌ലാമിക ശരിയത്ത് നിയമങ്ങള്‍ രാജ്യത്ത് പൂര്‍ണമായും നടപ്പിലാവുന്നതു വരെ ജിഹാദി പ്രവര്‍ത്തനങ്ങളുമായി ഏതറ്റംവരേയും പോകുമെന്നും ഈ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. മുന്‍ നേതാവ് മുല്ല ഒമര്‍ മരിച്ചതായി സ്ഥീരീകരിച്ചതിനു ശേഷം ചുമതലയേറ്റതാണ് മുല്ല അക്തര്‍. എന്നാല്‍ പുതിയ താലിബാന്‍ നേതാവിനെ തിരഞ്ഞെടുത്തതിന്റെ പേരില്‍ താലിബാനികളുടെ ഇടയില്‍ ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ താലിബാനികളുടെയും അഭിപ്രായം പരിഗണിച്ചല്ല മന്‍സൂറിനെ തലവനായി നിയമിച്ചതെന്നും ഇത് ശരിയത്തിന് എതിരാണെന്നും താലിബാന്‍ വക്താവ് ബിബിസിയോട് പറഞ്ഞതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തു.

1996 മുതല്‍ 2001വരെ താലിബാന്‍ തലവനെന്ന നിലയില്‍ അഫ്ഗാന്‍ ഭരിച്ച മുല്ല ഒമര്‍ രണ്ടു വര്‍ഷം മുന്‍പ് മരിച്ചതായി രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ഓഫിസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മേധാവിയെ താലിബാന്‍ തിരഞ്ഞെടുത്തത്. 55 വയസുള്ള ഒമറിന്റെ മരണം ഗുരുതര രോഗം മൂലമായിരുന്നെന്നും ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നില്ല എന്നുമാണ് സൂചന. 2001ല്‍ യുഎസ് സഖ്യസേന താലിബാന്‍ ഭരണകൂടത്തെ പുറത്താക്കിയതു മുതല്‍ മുല്ല ഒമര്‍ ഒളിവിലായിരുന്നു. 2007നുശേഷം താലിബാന്‍ നേതാക്കളോ അനുയായികളോ മുല്ല ഒമറിനെ കണ്ടിട്ടില്ല.

© 2024 Live Kerala News. All Rights Reserved.