‘ഡിപ്ലോമാറ്റിക്ക്‌ ബാഗേജ്‌’ തന്നെ ; വി മുരളീധരനെ തള്ളി എൻഐഎ

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്‌ നയതന്ത്ര പരിരക്ഷയുള്ള മാർഗങ്ങളിലൂടെയെന്ന്‌ എൻഐഎ. കേസിന്റെ അന്വേഷണം‌ ഏറ്റെടുത്തതായി അറിയിച്ച്‌‌ വെള്ളിയാഴ്‌ച ദേശീയ അന്വേഷണഏജൻസി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ്‌ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാദങ്ങളുടെ മുനയൊടിച്ചത്‌.

തിരുവനന്തപുരം സ്വർണക്കടത്ത്‌ ‘ഡിപ്ലോമാറ്റിക്ക്‌ ബാഗേജി’ലല്ല എന്നാണ്‌ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വി മുരളീധരൻ അവകാശപ്പെട്ടത്‌. എന്നാൽ, യുഎഇയിൽ നിന്നുള്ള ഡിപ്ലോമാറ്റിക്ക്‌ ബാഗേജിലാണ്‌ സ്വർണം ഒളിച്ചുകടത്താൻ ശ്രമിച്ചതെന്ന്‌ എൻഐഎ പറഞ്ഞു‌. വിയന്ന ചട്ടപ്രകാരം പരിശോധനയിൽ നിന്ന്‌ പരിരക്ഷയുള്ളതാണ്‌ ഈ ‘ഡിപ്ലോമാറ്റിക്ക്‌ ബാഗേജ്‌’ എന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി‌.

നിയമവിരുദ്ധ നടപടി നിരോധന നിയമത്തിന്റെ (യുഎപിഎ) 16, 17, 18 വകുപ്പുകൾ പ്രകാരമാണ്‌ സരിത്ത്‌, സ്വപ്‌ന സുരേഷ്‌‌, ഫാസിൽ ഫരീദ്‌, സന്ദീപ്‌ നായർ എന്നിവർക്കെതിരായി കേസ്‌. നയതന്ത്ര പരിരക്ഷയുള്ള പാർസൽ‌ ഏറ്റുവാങ്ങാൻ യുഎഇ കോൺസുലേറ്റിൽ പിആർ ആയിരുന്ന പി എസ്‌ സരിത്താണ് എത്തിയത്‌‌. നയതന്ത്ര പരിരക്ഷയുള്ള നിരവധി പായ്‌ക്കറ്റുകൾ സരിത്ത്‌ മുമ്പും ഏറ്റുവാങ്ങിയതായി കസ്‌റ്റംസിന്റെ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്‌. സ്വർണക്കടത്ത്‌ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്‌ക്കും ദേശീയസുരക്ഷയ്‌ക്കും ഭീഷണിയായതിനാൽ യുഎപിഎ 15–-ാം വകുപ്പുപ്രകാരം തീവ്രവാദ പ്രവർത്തനമാണ്‌. കേസിന്‌ ദേശീയ, അന്തർദേശീയ ബന്ധങ്ങളുണ്ട്‌. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം ഭീകരപ്രവർത്തനങ്ങൾക്ക്‌ ഫണ്ട്‌ ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും പ്രാഥമിക അന്വേഷണങ്ങളിൽ വെളിപ്പെട്ടിട്ടുണ്ട്‌. ഇക്കാരണങ്ങളാലാണ്‌ കേസ്‌ ഏറ്റെടുത്തതെന്നും എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.