എച്ച്‌ഐവി പോലുള്ള രോഗമാണ് കൊവിഡ്19; അതിനെ എന്നന്നേക്കുമായി തുടച്ച് നീക്കല്‍ അസാധ്യം

ജനീവ: എച്ച്ഐവി പോലെയുള്ള മഹാമാരിയാണ് കൊവിഡ്19 എന്ന് ലോകാരോഗ്യ സംഘടനയിലെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മൈക്കല്‍ റയാന്‍. കൊവിഡ്19നെ ഭൂമുഖത്തുനിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കാന്‍ കഴിയില്ലെന്നും എല്ലാക്കാലത്തും ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് രോഗം കാണുമെന്നും ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ വാക്സിന്‍ കണ്ടുപിടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വാക്സിന്‍ ഇല്ലാത്തപക്ഷം ലോകജനതയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും ഡോ.റയാന്‍ പറയുന്നു. എച്ച്ഐവി പോലെയുള്ള ഒരു രോഗമായി ഇത് എല്ലാക്കാലത്തും ഭൂമുഖത്ത് കാണും. ഇതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. ഫലപ്രദമായ ചികിത്സ വികസിപ്പിച്ചെടുക്കുക മാത്രമാണ് പ്രതിവിധി.കൊവിഡിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ പല രാജ്യങ്ങളും പിന്‍വലിക്കാനോ ഇളവ് വരുത്താനോ ഉദ്ദേശിക്കുന്ന സാഹചര്യത്തിലാണ് ഡോ.റയാന്റെ മുന്നറിയിപ്പ്. പല രാജ്യങ്ങളിലും കൊവിഡ് രണ്ടാംഘട്ടത്തില്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വാക്സിന്‍ കണ്ടെത്തിയാല്‍ മാത്രം പോരാ, ആവശ്യമായ ഡോസുകളില്‍ അവ ഉണ്ടാക്കുകയും ലോകം മുഴുവന്‍ വിതരണം ചെയ്യുകയും വേണം.