ലോക്ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ തയ്യാറെന്ന്‍ കെജ്രിവാള്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യതലസ്ഥാനം തയ്യാറായിക്കഴിഞ്ഞുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യവ്യാപക ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെ വ്യവസായങ്ങള്‍ക്കും സേവന മേഖലകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഡല്‍ഹി വീണ്ടും തുറക്കാന്‍ സമയമായി. കൊറോണ വൈറസ് വ്യാപനം നേരിട്ടുകൊണ്ടുതന്നെ നാം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഡല്‍ഹി തയ്യാറെടുത്തു കഴിഞ്ഞു. ആശുപത്രികളുടെ കാര്യത്തിലും പരിശോധനാ കിറ്റുകളുടെ കാര്യത്തിലും ഡല്‍ഹി സജ്ജമാണ്.

നാളെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കും. സ്വകാര്യ ഓഫീസുകള്‍ക്ക് 33 % ജീവനക്കാരുമായി തുറക്കാമെന്നാണ് അറിയിപ്പ്. മെട്രോയും ബസ് സര്‍വ്വീസും ഉണ്ടാകില്ല. മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായി. രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണിവരെയായിരിക്കും മദ്യഷാപ്പുകൾ തുറക്കുക. ആറടി അകലം പാലിച്ചും, ഒരു സമയം പരമാവധി അഞ്ചുപേരെ മാത്രം കടകളിൽ അനുവദിച്ചും മാത്രമായിരിക്കും മദ്യകടകൾക്ക് പ്രവര്‍ത്തിക്കാൻ അനുമതി നൽകുക.

എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളും സീല്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാാരിനോട് അഭ്യര്‍ഥിക്കും. മറ്റുള്ളവ ഗ്രീന്‍ സോണായി പ്രഖ്യാപിക്കണം. കടകള്‍ ഒറ്റ – ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ തുറക്കാന്‍ അനുവദിക്കണം. ലോക്ക്ഡൗണ്‍ പൂര്‍ണമായും നീക്കിയതിനു ശേഷവും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചാല്‍ അതിനെ നേരിടാന്‍ ഡല്‍ഹി സജ്ജമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.