കോവിഡ്: സിംഗപ്പൂരില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 1 വരെ നീട്ടി

സിംഗപ്പൂര്‍ : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിംഗപ്പൂരില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 1 വരെ നീട്ടി. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹെസിന്‍ ലൂംഗ് ആണ് ലോക്ക് ഡൗണ്‍ നീട്ടിയതായി അറിയിച്ചത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ നീട്ടികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

മേയ് നാല് വരെയാണ് നിലവിലെ നിയന്ത്രണങ്ങള്‍ നിശ്ചയിച്ചിരുന്നത്. സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. 9,125 പേര്‍ക്കാണ് സിംഗപ്പൂരില്‍ ഇതേ വരെ കൊവിഡ് സ്ഥിരീകരിച്ചത്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സിംഗപ്പൂരിലാണ്.

കഴിഞ്ഞ ദിവസം 1,426 പുതിയ കൊവിഡ് കേസുകളാണ് ഒറ്റയടിയ്ക്ക് സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. സിംഗപ്പൂരില്‍ വൈറസ് സ്ഥിരീകരിച്ചവരിലേറെയും വിദേശ തൊഴിലാളികളാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സിംഗപ്പൂരില്‍ കൊവിഡിന്റെ തീവ്രത വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.