കോവിഡ് 19: ഇറ്റലിയിൽ മരണം 631 ആയി; തുർക്കിയിലും വൈറസ് സ്ഥിരീകരിച്ചു

റോം: കൊറോണ (കോവിഡ് 19) ബാധയേറ്റ് ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 168 ആയി. രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റ് 631 പേര്‍ മരിക്കുകയും പതിനായിരത്തിലധികം പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനിടെ തുര്‍ക്കിയില്‍ ആദ്യ കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്‌ ആഗോള തലത്തില്‍ നാലായിരത്തില്‍ അധികം ആളുകളാണ് കോവിഡ് വൈറസ് ബാധയില്‍ മരിച്ചത്. ഇതുവരെ നൂറിലധികം രാജ്യങ്ങളിലാണ് കോവിഡ് 19 പടർന്ന് പിടിച്ചത്. ചൈനയ്ക്ക് പുറമെ ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളെയാണ് വൈറസ് ഏറ്റവും അധികം ബാധിച്ചത്.

അതേ സമയം, ഇന്ത്യയില്‍ കോവിഡ്19 ബാധയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന യാത്ര നിര്‍ദ്ദേശങ്ങളേര്‍പ്പെടുത്തി. കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.