കൊറോണ വൈറസിന്റെ ദുരന്ത വശങ്ങള്‍ ചിത്രീകരിച്ച്‌ ലോകത്തിന് കാട്ടിയ രണ്ട് ചൈനീസ് പൗരന്‍മാരെ കാണാനില്ല

ബീജിങ്: ചൈനയില്‍ നിയന്ത്രണാതീതമായി പടര്‍ന്ന കൊറോണ വൈറസിന്റെ ദുരന്ത വശങ്ങള്‍ ചിത്രീകരിച്ച്‌ ലോകത്തിന് കാട്ടിയ രണ്ട് ചൈനീസ് പൗരന്‍മാരെ ഇപ്പോള്‍ കാണാനില്ല. ഫാംഗ് ബിന്‍, ചെന്‍ ഖ്യയ് ഷി എന്നീ രണ്ടുപേരെയാണ് കാണാതായത്. ഇവരിൽ ഫാംഗ് ബിന്‍ സെയിൽസ് മാനും ചെന്‍ ഖ്യയ് ഷി വ്‌ളോഗറുമാണ്. ഇരുവരും കാണാതാവുന്നതിനു മുൻപ് ചൈനയിലെ കൊറോണ വൈറസ് വ്യാപനത്തെപ്പറ്റി നിരന്തരം വീഡിയോകള്‍ ചെയ്തിരുന്നു.

ഫാംഗ് ബിന്‍ നേരത്തെ വുഹാനിലെ ആശുപത്രിയില്‍ നിന്ന് എടുത്ത കൊറോണ മൂലം മരണപ്പെട്ടവരുടെ ദൃശ്യങ്ങളടക്കം അടങ്ങിയ 40 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ചൈനയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ച്‌ രണ്ടാഴ്ച കഴിഞ്ഞതോടെ ഫാംഗ് ബിനെ കാണാതായി. സമാനമായ രീതിയില്‍ കൊറോണയെപ്പറ്റി വീഡിയോ ചെയ്ത ചെന്‍ ഖ്യയ് ഷി എന്ന വ്ളോഗറും അപ്രത്യക്ഷനായി.

ഇരുവരുടെയും വീഡിയോകളും ഇപ്പോള്‍ കാണുന്നില്ല. ചൈനയില്‍ സാമൂഹ്യമാദ്ധ്യമങ്ങളുടെ ഉപയോഗത്തിന് വലിയ തോതില്‍ നിയന്ത്രണമുള്ള സാഹചര്യത്തില്‍ ഇരുവരെയും ചൈനീസ് സര്‍ക്കാര്‍ തടവിലാക്കിയതായിരിക്കാം എന്നാണ് അഭ്യൂഹങ്ങള്‍. കൊറോണ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന പേരില്‍ 350 പേര്‍ക്കെതിരെ ചൈനീസ് പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് ചൈനയിലെ ഒരു മനുഷ്യാവകാശ സംഘടന ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കിയത്.

എന്നാല്‍ വ്യാജ വാര്‍ത്ത നല്‍കി എന്നാരോപിച്ച്‌ ചൈനയില്‍ കൊറോണ വൈറസ് പടരുന്നുവെന്ന് ആദ്യം സംശയം പ്രകടിപ്പിച്ച ഡോക്ടറെ ചൈനീസ് പൊലീസ് അറസ്റ്റ്് ചെയ്യാനാണ് തുനിഞ്ഞത്. ലീ വെന്‍ല്യാങ് എന്ന ഡോക്ടറാണ് കൊറോണ പടരുന്നെന്ന ആദ്യം സംശയം പ്രകടിപ്പിച്ചത്. ഡിസംബറില്‍ മെഡിക്കല്‍ പഠനകാലത്തെ സഹപാഠികളുടെ വി ചാറ്റ് ആപ്പിലെ ഗ്രൂപ്പില്‍ ആണ് ഇദ്ദേഹം ആദ്യമായി കൊറോണ വൈറസ് പടരുന്നു എന്ന സൂചന നല്‍കിയത്. ചൈനയില്‍ മുമ്ബ് പടര്‍ന്നുപിടിച്ച സാര്‍സ് എന്ന രോഗത്തിനു സമാനമായ രോഗലക്ഷണങ്ങള്‍ ഏഴു രോഗികളില്‍ കാണുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

© 2024 Live Kerala News. All Rights Reserved.