ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്ന വിവരം അമേരിക്കൻ പ്രസിഡന്റ് അറിഞ്ഞില്ലേ? ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വലിയ പിടിപാടില്ലെന്നു തെളിയിച്ച് ട്രംപ്

വാഷിങ്ടൻ: ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്ന വിവരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വലിയ പിടിപാടില്ലെന്നു തെളിയിക്കുകയാണ് യുഎസ് പ്രസിഡന്റ്. പുലിറ്റ്സർ പുരസ്കാരം നേടിയ വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ടർമാരായ ഫിലിപ്പ് റക്കറും കാരൾ ലിയോണിങ്ങും ചേർന്നെഴുതിയ ‘എ വെരി സ്റ്റേബിൾ ജീനിയസ്’ എന്ന പുസ്തകത്തിലാണു പരാമർശം.

ലോകത്ത് ഏറ്റവും കൂടുതൽ ദൂരം (3380 കിലോമീറ്റർ) അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഒൻപതാം സ്ഥാനത്താണ് ഇന്ത്യയും ചൈനയും. മെക്സിക്കോയുമായി യുഎസ് അതിർത്തി പങ്കിടുന്നതിനേക്കാൾ (3141 കിലോമീറ്റർ) കൂടുതലാണിത്. പ്രസിഡന്റ് പദവിയിലെത്തിയതിന്റെ ആദ്യ നാളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. സംസാരത്തിനിടെ ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്നുണ്ടോ എന്ന ട്രംപിന്റെ ചോദ്യം കേട്ട് അമ്പരന്ന മോദിയുടെ കണ്ണു തള്ളിയതായി പുസ്തകത്തിൽ പറയുന്നു.