പൗരത്വ പ്രതിഷേധം: അസം സന്ദർശനം റദ്ദാക്കി നരേന്ദ്രമോഡി; ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനത്തിനെത്തില്ല

ന്യൂഡൽഹി > അസമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കനത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുവാഹത്തി സന്ദർശനം റദ്ദാക്കി. വെള്ളിയാഴ്ച, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യാൻ മോഡി എത്തില്ല.

“അസമിൽ പ്രധാനമന്ത്രിക്ക്‌ സന്ദർശനം നടത്തുന്നതിന്‌ ഒട്ടും അനുകൂലമല്ലാത്ത സ്ഥിതി’യാണെന്ന, ഇന്‍റലിജൻസ് വൃത്തങ്ങളുടെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് സന്ദർശനം റദ്ദാക്കിയത്. മോഡി അസമിലെത്തിയാൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തിലാണ്‌ സന്ദർശനം ഒഴിവാക്കുന്നത്‌.

അസമിലെ സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലുള്ളവർ പൗരത്വ നിയമഭേദഗതിയെച്ചൊല്ലി മോഡിക്കെതിരെ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അസമിലെ പ്രശസ്ത ഗായകൻ സുബീൻ ഗാർഗ് പറഞ്ഞത്‌ ” പ്രധാനമന്ത്രി അസമിൽ സന്ദർശനം നടത്തണം എന്നാണ് ആഗ്രഹം. അങ്ങനെയെങ്കിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ വിമാനത്താവളത്തിൽ നിന്ന് തന്നെ ഞങ്ങൾക്ക് പ്രതിഷേധം തുടങ്ങാമല്ലോ’ എന്നായിരുന്നു.