റെയിൽവേ യാത്രാനിരക്ക്‌ കൂട്ടും ; പുതിയ നിരക്ക് ഫെബ്രുവരിയിൽ

ന്യൂഡൽഹി
കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യൻ റെയിൽവേ യാത്രാനിരക്ക്‌ കുത്തനെ കൂട്ടുന്നു. എട്ട്‌ മുതൽ പത്ത്‌ ശതമാനംവരെ വർധിപ്പിക്കാനാണ്‌ നീക്കം. ചരക്കുനിരക്ക്‌ വർധിപ്പിച്ചേക്കില്ല. പുതിയ നിരക്ക് ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും.

ഇതിന്‌ പ്രധാനമന്ത്രി കാര്യാലയം അനുമതിനല്‍കി. ഒന്നാം മോഡി സർക്കാർ അധികാരത്തിലെത്തിയതിനുപിന്നാലെ 2014ൽ യാത്രാനിരക്ക്‌ 14.2 ശതമാനവും ചരക്കുനിരക്ക്‌ 6.5 ശതമാനവും കൂട്ടി. രാജധാനി, തുരന്തോ, ശതാബ്‌ദി ട്രെയിനുകളുടെ നിരക്ക്‌ തിരക്കിനനുസരിച്ച്‌ വർധിക്കുന്ന ഫ്‌ളെക്‌സി രീതിയിലേക്ക്‌ മാറ്റി. എന്നിട്ടും 2015–-16 സാമ്പത്തികവർഷംമുതൽ റെയിൽവേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തി.

റെയിൽവേക്കുള്ള വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ സംസ്ഥാനങ്ങൾ പകുതി ചെലവ്‌ വഹിക്കണമെന്ന്‌ നിബന്ധനയും കർശനമാക്കി. മുമ്പ്‌ പ്രഖ്യാപിച്ച പദ്ധതികൾക്കും ഇത്‌ ബാധകമാക്കിയിരിക്കയാണ്‌.

റെയിൽവേയുടെ ആസ്‌തി വിൽപ്പനയും സ്വകാര്യവൽക്കരണവും വ്യാപകമാക്കിയിട്ടും പ്രതിസന്ധി പരിഹരിക്കാനാകുന്നില്ല. റെയിൽവേയുടെ ധനസ്ഥിതി പരിതാപകരമാണെന്ന്‌ സിഎജി കഴിഞ്ഞദിവസം പാർലമെന്റില്‍ റിപ്പോര്‍ട്ടുവച്ചിരുന്നു.

വരുമാനം ഇടിയുന്നു
നടപ്പുസാമ്പത്തികവർഷം ഒക്ടോബർവരെ യാത്രാ, ചരക്ക് നിരക്കിലും മറ്റ്‌ ഇനങ്ങളിലും വരുമാനം ലക്ഷ്യമിട്ടതിനെക്കാൾ 19,000 കോടിരൂപ കുറഞ്ഞു. ചെലവാകട്ടെ ലക്ഷ്യമിട്ടതിലും നാലായിരം കോടി അധികവും. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴ്‌ മാസത്തിൽ 1,18,634.69 കോടിയുടെ വരുമാനമാണ്‌ ലക്ഷ്യമിട്ടത്‌. എന്നാൽ, കിട്ടിയത് 99,222.72 കോടി രൂപ മാത്രം. കുറവ് 19,411.97 കോടി. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിലേതിനേക്കാൾ 571.47 കോടിയുടെ ഇടിവുണ്ടായി.