അയോധ്യ ; വഖഫ് ബോര്‍ഡിനെ തള്ളി ആറ് മുസ്ലീം കക്ഷികള്‍

അയോധ്യ തർക്കഭൂമിയിലെ അവകാശവാദം ഉപാധികളോടെ പിൻവലിക്കാമെന്ന സുന്നി വഖഫ്‌ ബോർഡിന്റെ നിലപാടിനെതിരെ മറ്റ് ആറ് മുസ്ലിം കക്ഷികള്‍. ഇതോടെ അയോധ്യഭൂമിതര്‍ക്ക കേസിലെ മധ്യസ്ഥനീക്കം സങ്കീര്‍ണമായി. കേസിൽ ഉറച്ചുനിൽക്കുമെന്നാണ് ജാമിയത്ത്‌ ഉലമ ഐ ഹിന്ദ്‌ ഉൾപ്പെടെയുള്ള മുസ്ലിം കക്ഷികളുടെ നിലപാട്. മധ്യസ്ഥ സമിതി ഭരണഘടനാബെഞ്ചിന് സമര്‍പ്പിച്ച “ഒത്തുതീർപ്പ്‌ റിപ്പോർട്ട്‌’ ഇവർകൂടി അംഗീകരിച്ചാൽമാത്രമേ ഫലപ്രദമാകൂ.

സുപ്രീംകോടതി “ഒത്തുതീർപ്പ്‌ റിപ്പോർട്ട്‌’അംഗീകരിക്കുമോ അതോ വിചാരണ പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് സ്വന്തം നിലയ്‌ക്ക്‌ വിധി പുറപ്പെടുവിക്കുമോ എന്ന ചോദ്യം നിയമവൃത്തങ്ങളില്‍നിന്ന്‌ ഉയരുന്നു. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ നവംബർ 17ന്‌ വിരമിക്കുന്നതിനാൽ അതിനുമുമ്പ്‌ വിധിയുണ്ടാകും.

ബിജെപി നിയന്ത്രണത്തിലുള്ള വഖഫ്‌ ബോർഡിന്റെ ചെയർമാൻ സഫർ അഹമദ്‌ ഫറൂഖിയുടെ പെട്ടെന്നുള്ള ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം ബാഹ്യസമര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ആക്ഷേപമുയര്‍ന്നു. അനധികൃതഭൂമി ഇടപാടിൽ ഫറൂഖിക്ക്‌ എതിരായ കേസ്‌ സിബിഐക്ക്‌ വിടാമെന്ന്‌ യുപി സർക്കാർ ശുപാർശ ചെയ്‌തതിനു പിന്നാലെയാണ്‌ നിലപാട്‌ മാറ്റം ഉണ്ടായതെന്ന് വഖഫ്‌ ബോർഡിലെ ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു.

തർക്കഭൂമിയായ 2.77 ഏക്കർ ഭൂമി രാംലല്ല വിരാജ്‌മൻ, നിർമോഹി അഖാഡ, സുന്നി വഖഫ്‌ ബോർഡ്‌ എന്നിവർക്ക്‌ തുല്യമായി വിഭജിക്കാമെന്നാണ്‌ അലഹബാദ്‌ ഹൈക്കോടതിയുടെ 2010ലെ ഉത്തരവ്‌. പ്രധാനകക്ഷികളിൽ വഖഫ്‌ ബോർഡ്‌ മാത്രമാണ്‌ ഒത്തുതീർപ്പിന്‌ തയ്യാറായത്‌. മധ്യസ്ഥ സമിതിയുമായി സഹകരിക്കില്ലെന്നാണ്‌ രാംലല്ലയുടെ നിലപാട്. നിർമോഹി അഖാഡ നിലപാട് വ്യക്തമാക്കിയിട്ടില്ല. മറ്റൊരു പ്രധാനകക്ഷിയായ വിഎച്ച്‌പി നിയന്ത്രണത്തിലുള്ള രാമജന്മഭൂമി ന്യാസും പ്രതികരിച്ചിട്ടില്ല.