റഫാല്‍ യുദ്ധവിമാനം ഇന്ത്യ ഏറ്റുവാങ്ങി; ശസ്ത്ര പൂജ നടത്തി രാജ്‌നാഥ് സിംഗ്

പാരീസ്: ഫ്രാന്‍സില്‍ നിന്ന് ആദ്യ റഫാല്‍ വിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഏറ്റുവാങ്ങി. കൈമാറ്റം ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ളോറന്‍സ് പാര്‍ലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു. റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങി ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആയൂധ പൂജ നടത്തി. അല്‍പ്പസമയത്തിനുള്ളില്‍ റഫാലില്‍ രാജ്നാഥ് സിങ് യാത്ര നടത്തും.

തന്റെ മൂന്ന് ദിവസം നീണ്ട ഫ്രാന്‍സ് സന്ദര്‍ശത്തിനിടെയാണ് റാഫേല്‍ വിമാനത്തിന്റെ നിര്‍മാതാക്കളായ ദസോ ഏവിയേഷന്റെ ബൊര്‍ദോയിലുള്ള യൂണിറ്റില്‍ നിന്നും പ്രതിരോധ മന്ത്രി വിമാനം ഏറ്റുവാങ്ങിയത്.

റാഫേല്‍ വിമാനം ഉപയോഗിച്ച്‌ നടത്തുന്ന ഒരു വ്യോമാഭ്യാസത്തിന്റെ ഭാഗമായി വിമാനത്തിനുള്ളില്‍ രാജ്‌നാഥ് സിംഗ് യാത്ര ചെയ്യുകയും ചെയ്യും. വിമാനം ഏറ്റുവാങ്ങാനെത്തിയ രാജ്‌നാഥ് സിംഗ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നയതന്ത്ര വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഫ്രാന്‍സില്‍ നിന്നും ആദ്യത്തെ റാഫേല്‍ വിമാനം ഏറ്റുവാങ്ങിയ ഈ ദിവസം ഏറെ ചരിത്രപ്രാധാന്യമുള്ള ഒന്നാണെന്നും ഫ്രാന്‍സും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുന്നതിന്റെ സൂചനയാണ് ഈ കൈമാറ്റം എന്നും വിമാനം കൈമാറുന്ന ചടങ്ങില്‍ വച്ച്‌ രാജ്‌നാഥ് സിംഗ് പറഞ്ഞു.