എൻആർകെ എമർജിങ്‌ എന്റർപ്രെനേഴ്‌സ്‌ മീറ്റ് (നീം) ഇന്ന്‌ ദുബായിൽ

നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറുന്ന കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക്‌ കരുത്തായി എൻആർകെ എമർജിങ്‌ എന്റർപ്രെനേഴ്‌സ്‌ മീറ്റ് (നീം) വെള്ളിയാഴ്‌ച ദുബായിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ കേരളത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷം ഗൾഫ്‌ മേഖലയിലെ നിക്ഷേപക സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കും.

പ്രവാസി നിക്ഷേപം ലക്ഷ്യമിട്ട്‌ രജിസ്റ്റർ ചെയ്‌ത ഓവർസീസ്‌ കേരളൈറ്റ്‌സ്‌ ഇൻവെസ്‌റ്റ്‌മെന്റ്‌ ആൻഡ്‌ ഹോൾഡിങ്‌ ലിമിറ്റഡ്‌ കമ്പനിയാണ്‌ സംഗമം സംഘടിപ്പിക്കുന്നത്‌. ഗൾഫ്‌ മേഖലയിലെ നിക്ഷേപശൃംഖല കേരളത്തിലേക്ക്‌ വ്യാപിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സംഗമം അവസരമൊരുക്കും.

അടിസ്ഥാന സൗകര്യവികസനം, വിനോദസഞ്ചാരം, തുറമുഖം, വിമാനത്താവള സൗകര്യം, എൻആർഐ ടൗൺഷിപ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനം, മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും നിർമാണം തുടങ്ങിയ രംഗങ്ങളിലെ നിക്ഷേപ സാധ്യതകളാകും സർക്കാർ മുന്നോട്ടുവയ്‌ക്കുക. 2018 ജനുവരിയിൽ നടന്ന ആദ്യ ലോക കേരളസഭാ സമ്മേളനത്തിൽ ഉയർന്ന പ്രധാന ആശയമാണിത്‌. ഇതിന്റെ തുടർച്ചയായാണ്‌ ഓവർസീസ്‌ കേരളൈറ്റ്‌സ്‌ ഇൻവെസ്‌റ്റ്‌മെന്റ്‌ ആൻഡ്‌ ഹോൾഡിങ്‌ ലിമിറ്റഡ്‌ കമ്പനി രജിസ്റ്റർ ചെയ്‌തത്‌.

© 2024 Live Kerala News. All Rights Reserved.