തിരുവനന്തപുരം: സംസ്ഥാനത്തു ശനിയാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ പത്തനംതിട്ടയില്‍ വ്യാഴം മുതല്‍ ശനി വരെയും കോട്ടയത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലും എറണാകുളത്ത് വ്യാഴം, ശനി ദിവസങ്ങളിലും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വ്യാഴാഴ്ചയും വയനാട് ജില്ലയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും കാസര്‍ഗോഡ് ജില്ലയില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രളയസാധ്യതാ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്ന പക്ഷം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ തയാറാകണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി.