കശ്‌മീർ എവിടെയും ആവർത്തിക്കാം ; കശ്‌മീരിനെ മറ്റൊരു പലസ്‌തീനാക്കാൻ അനുവദിക്കില്ല : സീതാറാം യെച്ചൂരി

കശ്‌മീരിലെ ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യ, മതനിരപേക്ഷ പാർടികളുടെയും സമാന മനസ്‌കരുടെയും യോഗം വിളിച്ച്‌ ഭാവിപരിപാടികൾക്ക്‌ രൂപംനൽകും. കശ്‌മീരിനെ മറ്റൊരു പലസ്‌തീനാക്കാൻ അനുവദിക്കില്ല. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും എ കെ ജി പഠന ഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച ‘അനുച്ഛേദം 370 റദ്ദാക്കൽ; ജമ്മു കശ്‌മീർ ഉയർത്തുന്ന പ്രശ്‌നങ്ങൾ’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു യെച്ചൂരി.

ഇന്ത്യയെ സൈനിക ഭരണത്തിലാക്കാനുള്ള തുടക്കമാണ്‌ കശ്‌മീരിലെ നടപടി. ഒരുരാജ്യം ഒരുഭരണം എന്ന ബിജെപി നയം നടപ്പാക്കി രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും തകർക്കുകയാണ്‌. ഇത്തരം നടപടി കശ്‌മീരിൽമാത്രം പരിമിതപ്പെടില്ല. നാളെ ഏത്‌ സംസ്ഥാനത്തെയും ഇതേരീതിയിൽ കൈകാര്യം ചെയ്‌തേക്കാം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ബൃഹത്‌പദ്ധതിയുടെ തുടക്കം കൂടിയാണിത്‌.

കശ്‌മീരിനെ വെട്ടിമുറിച്ചത്‌ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്‌. ജനങ്ങളും ജനനേതാക്കളും തടങ്കലിലാണ്‌. കശ്‌മീരിന്റെ നിലവിലെ ഭീകരാവസ്ഥ ലോകം അറിയാതിരിക്കാനാണ്‌ തടങ്കലിലുള്ള യൂസഫ്‌ തരിഗാമി എംഎൽഎയെ കാണാനായി ശ്രീനഗറിൽ എത്തിയ തന്നെയും ഡി രാജയേയും വിമാനത്താവളത്തിൽ തടഞ്ഞ്‌ മടക്കിയത്‌.

© 2025 Live Kerala News. All Rights Reserved.