കോൺഗ്രസ‌് വളരെ ഉയരത്തിലേക്ക‌് പോയതിനാൽ അവർക്ക‌് ഭൂമി കാണാനാകുന്നില്ല ; കോൺഗ്രസിനെ പഴിച്ച‌് മോഡി

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ വലിയ കളങ്കമാണ‌് അടിയന്തരാവസ്ഥയെന്ന‌് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭരണഘടനയെ ചവിട്ടിയരച്ച കറുത്ത ദിനങ്ങൾ മറക്കാൻ കഴിയില്ല. കോൺഗ്ര‌സ‌് പാർടി അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ആത്മാവിനെ തകർത്തെന്ന‌് മോഡി കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക് സഭയിൽ മറുപടി നൽകുകയായിരുന്നു മോഡി. പാർലമെന്റിലെ തന്റെ ആദ്യ പ്രസംഗത്തിൽ കോൺഗ്രസിനെ ലക്ഷ്യംവച്ച‌് രൂക്ഷ വിമർശനമാണ‌് മോഡി നടത്തിയത‌്.

ഗാന്ധി–-നെഹ‌്റു കുടുംബാംഗങ്ങളുടെയല്ലാതെ മറ്റാരുടെയും പ്രയത്നങ്ങൾ അംഗീകരിക്കാത്ത പാർടിയാണ‌് കോൺഗ്രസ‌്. യുപിഎ ഭരണത്തിൽ നിന്ന‌് രക്ഷപ്പെടാനാണ‌് ജനങ്ങൾ 2014ൽ എൻഡിഎയെ ജയിപ്പിച്ചത‌്. കോൺഗ്രസ‌് വളരെ ഉയരത്തിലേക്ക‌് പോയതിനാൽ അവർക്ക‌് ഭൂമി കാണാനാകുന്നില്ല. താഴെ നടക്കുന്നതൊക്കെ ചെറുതും നിസ്സാരവുമായാണ‌് തോന്നുന്നത‌്. എന്നാൽ തങ്ങൾ ഉയരത്തിലേക്ക‌് പോകാനല്ല വേരുകളിലേക്ക‌് ഇറങ്ങിച്ചെല്ലാനാണ‌് സ്വപ‌്നം കാണുന്നതെന്ന‌് മോഡി പറഞ്ഞു. മുസ്ലിം സ‌്ത്രീകളുടെ ഉന്നമനത്തിനായി കോൺഗ്രസ‌് ഒന്നും ചെയ‌്തില്ല. മുത്തലാഖ‌് ബില്ലിനെ കോൺഗ്രസ‌് പിന്തുണയ‌്ക്കണമെന്നും മോഡി പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.