ഉത്തർപ്രദേശിൽ മുഴുവൻ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

ന്യൂഡൽഹി > ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വൻ തോൽവിക്ക്‌ പിന്നാലെ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഴുവൻ ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. പാർട്ടിയുടെ മോശം പ്രകടനത്തിന് പിന്നിൽ സംഘടനയുടെ അടിത്തട്ടിലെ പ്രവർത്തനങ്ങൾ മോശമായതാണെന്ന് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഡിസിസികൾ പൂർണമായും പിരിച്ച് വിട്ടത്. എന്നാൽ ഉപതിര‍ഞ്ഞെടുപ്പ് നടക്കാൻ പോവുന്ന മേഖലയിൽ സംഘടനാ ചുമതലകൾക്കായി രണ്ടംഗ സമിതിയെയും നിയോഗിച്ചിട്ടുണ്. കൂടാതെ പുനഃസംഘടനയ്ക്കായി അജയ് കുമാർ ലാലുവിനെയും എഐസിസി ചുമതലപ്പെടുത്തി.

സംസ്ഥനത്തെ 80 സീറ്റുകളിൽ ഒരെണ്ണത്തിൽ മാത്രമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനായത്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച അമേഠിയില്‍ ഉള്‍പ്പെടെ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. പ്രിയങ്ക ഗാന്ധിക്ക് ചുമതലയുണ്ടായിരുന്ന കിഴക്കൻ യൂപിയിലും നേട്ടമുണ്ടാക്കാന്‍ കോൺഗ്രസിന് കഴിഞ്ഞില്ല. റായ്ബറേലിയില്‍ മൽസരിച്ച യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിമാത്രമാണ് യുപിയിൽ നിന്നും പാർലമെന്റിലെത്തിയ പാർട്ടി പ്രതിനിധി.

കോൺഗ്രസ് ഭരണത്തിൽ പങ്കാളികളായ കർണാടകത്തിലും അടുത്തിടെ സംഘടനാ തലത്തിൽ വലിയ അഴിച്ചു പണി നടത്തിയിരുന്നു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു ഇവിടെ ചെയ്തതത്. നിലവിലുള്ള പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു, വർക്കിങ് പ്രസിഡന്റ് ഈശ്വർ ബി.ഖാന്ദ്രേ എന്നിവർ തുടരും. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വാർത്താകുറിപ്പിലൂടെയായിരുന്നു തീരുമാനം അറിയിച്ചത്. കർണാടക സഖ്യസർക്കാരിൽ ഭിന്നിപ്പു രൂക്ഷമാകവെയാണു നീക്കം.

© 2024 Live Kerala News. All Rights Reserved.