ആഷസ്: രണ്ടാം ഇന്നിങ്‌സിലും കംഗാരുക്കള്‍ക്ക് തകര്‍ച്ച

 

ബിര്‍മിങ്ഹാം: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും ഓസ്‌ട്രേലിയക്ക് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ 135 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എന്ന നിലയിലാണ് കംഗാരുക്കള്‍ ഇപ്പോള്‍. മൂന്ന് വിക്കറ്റ് ശേഷിക്കേ 15 റണ്‍ ലീഡാണ് അവര്‍ക്കുള്ളത്.

സ്‌കോര്‍: ഓസ്‌ട്രേലിയ 136/10, 162/7; ഇംഗ്ലണ്ട് 281/10.

ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 136 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങില്‍ 281 റണ്‍സെടുത്തു. ഇയാന്‍ ബെല്‍ (53), ജോ റൂട്ട് (63), മൊയീന്‍ അലി (59) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്തായത്. അലിസ്റ്റര്‍ കുക്ക് (34), സ്റ്റുവര്‍ട്ട് ബ്രോഡ് (31) എന്നിവരും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി.

ഓസ്‌ട്രേലിയക്കായി ഹേസല്‍വുഡും നഥാന്‍ ലയണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നത്തെ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സണ്‍ ടെസ്റ്റില്‍ 300 വിക്കറ്റ് തികച്ചു. മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് നേടി.

രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിങ് ആണ് ഓസീസിന് ലീഡ് നേടിക്കൊടുത്തത്. വാര്‍ണര്‍ 62 പന്തില്‍ 77 റണ്‍സെടുത്തു. പീറ്റര്‍ നെവില്‍ (36 നോട്ടൗട്ട്), മിച്ചല്‍ ജോണ്‍സണ്‍ (14) എന്നിവരാണ് ഇതുവരെ രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. അഞ്ച് വിക്കറ്റെടുത്ത സ്റ്റീവന്‍ ഫിന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ തകര്‍ത്തത്.

© 2024 Live Kerala News. All Rights Reserved.