ഭീകരതയ്‌ക്കെതിരെ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് രാജ്‌നാഥ് സിങ്ങ്

 

ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരെ വ്യത്യാസങ്ങള്‍ മറന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്. ഗുര്‍ദാസ്പുരിലെ ഭീകരാക്രമണത്തെ അപലപിച്ച് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരതയാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭീകരതയ്ക്ക് ജാതിയും മതവുമില്ല. ജാതിയും മതവും നോക്കിയല്ല ഭീകരപ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ ചെറുക്കുന്നത്. പൗരന്മാരുടെ സംരക്ഷണയാണ് ഏറ്റവും പ്രധാനം.

ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ എല്ലാ മതവിശ്വാസികളുമുണ്ട്. മരിച്ചവരെ മറന്ന് സര്‍ക്കാരിന് ഭീകരരെ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. ഭീകരര്‍ ആരായാലും അവരെ തുരത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപം അഴിമതി, ലളിത് മോദി പ്രശ്‌നം എന്നിവ ഉന്നയിച്ച് ഇന്നും പ്രതിപക്ഷം ബഹളം ഉണ്ടാക്കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസംഗത്തിനിടെ എല്ലാവരും മൗനം പാലിച്ചു. പ്രസംഗം അവസാനിച്ചതും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.

© 2024 Live Kerala News. All Rights Reserved.