മസൂദ് അസറിനെ ആഗോള ഭീകരനാക്കാന്‍ പുതിയ പ്രമേയവുമായി അമേരിക്ക രക്ഷസമിതിയില്‍

വാഷിഗ്ടണ്‍: മസൂദ് അസറിനെ ആഗോള ഭീകരനാക്കാന്‍ പുതിയ പ്രമേയവുമായി അമേരിക്ക. ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നായിരുന്നു പുതിയ പ്രമേയവുമായി അമേരിക്ക യുഎന്‍ രക്ഷസമിതിയില്‍ എത്തിയത്. ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവരുടെ പിന്തുണയോടെയാണ് അമേരിക്ക പുതിയ കരട് പ്രമേയം തയാറാക്കിയിരിക്കുന്നത്.

യുഎന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളാണുള്ളത്. പ്രമേയം അംഗീകരിക്കപ്പെട്ടാല്‍ മസൂദ് അസറിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തും. മുസ്ലീം വിഭാഗത്തോട് ലജ്ജാകരമായ കാപട്യമാണ് ചൈന നടത്തുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു. സ്വന്തം രാജ്യത്ത് ചൈന മുസ്ലീംങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ മറുഭാഗത്ത് മുസ്ലീം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് മൈക് പോംപിയോ ആരോപിച്ചു.

പ്രമേയത്തിന്റെ കരട് ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് യുഎസ് കൈമാറി. എന്നാല്‍ പുതിയ നീക്കത്തിനോട് പ്രതികരിക്കാന്‍ ചൈന തയാറായിട്ടില്ല. രക്ഷാസമിതിയില്‍ പ്രമേയം പാസായാല്‍ മസൂദിന്റെ ലോകമെമ്പാടുമുള്ള ആസ്തികള്‍ മരവിപ്പിക്കപ്പെടും.

© 2024 Live Kerala News. All Rights Reserved.