മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനെ വീണ്ടും എതിര്‍ത്ത് ചൈന

ബെയ്ജിംഗ്: ജയ്‌ഷെ മുഹമ്മദ് സ്ഥാപകനും നേതാവുമായ മസൂദ് അസറിനെതിരായ നീക്കം ചൈന വീണ്ടും തടഞ്ഞു. യുഎന്‍ രക്ഷാസമിതിയില്‍ അസറിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെയാണ് ചൈന വിറ്റോ ചെയ്തത്. ഇത് നാലാം തവണയാണ് യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന വിയോജിപ്പ് അറിയിച്ചത്.

മസൂദ് അസറിനെ ആഗോള തീവ്രവാദിപ്പട്ടികയിൽ പെടുത്തുന്നതിനോട് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കില്ല. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടേ ഐക്യരാഷ്ട്രസഭ എടുക്കാവൂ എന്നാണ് ചൈന പറയുന്നത്.

ഇതോടെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. തെളിവുകള്‍ ഇല്ലെന്നും സാങ്കേതിക കാരണളും ചൂണ്ടിക്കാണിച്ചാണ് ചൈന ഇടങ്കോലിട്ടിരുന്നത്.

അതേസമയം മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്ത് വന്നിരുന്നു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക പറഞ്ഞു. ജെയ്ഷെ മുഹമ്മദിന്റെ ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സ്ഥാപകനും നേതാവുമാണ് മസൂദ് അസര്‍. അയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതോടെ യുഎന്നിന്റെ മാനദണ്ഡങ്ങളെ മസൂദ് അസര്‍ നേരിടേണ്ടിവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് പല്ലാഡിനോ പറഞ്ഞു