വയനാട്ടിൽ പൊലീസും മാവോയിസ‌്റ്റും തമ്മിൽ വെടിവെപ്പ‌് ; രണ്ട‌് മാവോയിസ‌്റ്റുകൾക്ക‌് പരിക്ക‌്

കൽപ്പറ്റ > വയനാട്ടിലെ ലക്കിടിയിൽ പൊലീസും മാവോയിസ‌്റ്റും ഏറ്റുമുട്ടി. ബുധനാഴ‌്ച രാത്രി പത്തോടെയായിരുന്നു ഏറ്റുമുട്ടൽ. ദേശീയ പാതയോട‌് ചേർന്ന‌് ലക്കിടിയിലെ ഉപവൻ റിസോർട്ടിന‌് സമീപത്തായിരുന്നു ഏറ്റുമുട്ടൽ . രാത്രി ഒമ്പതരയോടെയാണ‌് മാവോയിസ‌്റ്റുകൾ ദേശീയപാതയോട‌് ചേർന്നുള്ള റിസോർട്ടിലെത്തിയത‌്. റിസോർട്ടുകാരോട‌് പണം ആവശ്യപ്പെട്ടു.

ഇതിനിടെ പൊലീസ‌് സംഘം സ്ഥലത്തെത്തി. തുടർന്ന‌് മാവോയിസ‌്റ്റുകൾ തണ്ടർബോൾട്ട‌് സംഘത്തിനുനേരെ വെടിയുതിർക്കുകയും സമീപത്തെ വനത്തിലേക്ക‌് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ‌്‌തു. തിരിച്ച‌് പൊലീസും വെടിവെച്ചു. വെടിവെപ്പിൽ രണ്ടുപേർക്ക‌് പരിക്കേറ്റതായാണ‌് സൂചന. ഒരാളുടെ നില ഗുരുതരമാണ്‌. ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പത്തരയോടെ കൂടുതൽ പൊലീസ‌് സ്ഥലത്തെത്തി. ദേശീയപാതയിൽ ഗതാഗതം തടഞ്ഞു. വെടിവെച്ചശേഷം മാവോയിസ‌്റ്റുകൾ വനത്തിനുള്ളിലേക്ക‌് രക്ഷപ്പെടുകയായിരുന്നു. വനത്തിനുള്ളിൽ ഒളിച്ചിരുന്നും ഇവർ പൊലീസിനുനേരെ വെടിവെച്ചു. പൊലീസ‌് സേനക്ക‌് വനത്തിലേക്ക‌് കടക്കാൻ കഴിയാത്ത സാഹചര്യമാണ‌്. രാത്രി വൈകിയും വെടിവെപ്പ‌് തുടർന്നു.

കുറച്ചുദിവസങ്ങളായി പ്രദേശത്ത‌് മാവോയിസ്‌റ്റുകൾ തമ്പടിച്ചിരുന്നു. ഇതേ തുടർന്ന‌് പൊലീസ‌് പരിശോധനകളും ശക്തമായിരുന്നു. സമീപ പ്രദേശമായ സുഗന്ധഗിരിയിലെ ആദിവാസി കോളനികളിൽ മാവോയിസ്റ്റുകളെത്തി ലഘുലേഖകളടക്കം വിതരണംചെയ‌്തിരുന്നു.

© 2024 Live Kerala News. All Rights Reserved.