കേരളം അക്കാദമികൾ സ്ഥാപിക്കുന്നു

തിരുവനന്തപുരം
രാജ്യാന്തരനിലവാരമുള്ള കായികതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നാല‌ു കായിക ഇനങ്ങൾക്കായി അക്കാദമികൾ ആരംഭിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഷൂട്ടിങ‌്, കുമാരപുരത്ത‌് ടെന്നീസ‌്, ഇടുക്കിയിൽ വോളിബോൾ, വയനാട്ടിൽ അമ്പെയ‌്ത്ത‌് എന്നീ ഇനങ്ങൾക്കാണ‌് കായികവകുപ്പ‌് അക്കാദമികൾ തുടങ്ങുക. ജൂണിൽ ഇവയുടെ പ്രവർത്തനം തുടങ്ങും. ഇതിൽ വയനാട്ടിലെ അമ്പെയ‌്ത്ത‌് അക്കാദമിയുടെ നിർമാണം അവസാനഘട്ടത്തിലാണ‌്. ബാക്കിയെല്ലാം പൂർത്തിയായി.

ദേശീയ ഗെയിംസിനോടനുബന്ധിച്ചാണ‌് വട്ടിയൂർക്കാവിൽ ഷൂട്ടിങ‌് റേഞ്ച‌് നിർമിച്ചത‌്. ഇത‌ിന‌് രാജ്യാന്തര നിലവാരമുണ്ട‌്. 30 കോടി മുടക്കി നിർമിച്ച റേഞ്ചിൽ ആരംഭിക്കുന്ന അക്കാദമിയിൽ പത്ത‌ു മീറ്റർ എയർ റൈഫിൾ, എയർ റൈഫിൾ എന്നിവയിലാണ‌് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക.
ടെന്നീസിനെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ‌് കുമാരപുരത്തുള്ള രാമനാഥൻ കൃഷ്ണൻ ടെന്നീസ‌് കോംപ്ലക‌്സിൽ അക്കാദമി തുടങ്ങുന്നത‌്. 2.51 കോടി മുടക്കി നിർമിച്ച കോംപ്ലക്‌സിൽ 250 കുട്ടികൾക്കും 100 മുതിർന്നവർക്കും പരിശീലനം നടത്താനുള്ള സൗകര്യങ്ങളുണ്ട‌്. മഴയും വെയിലും പരിശീലനത്തെ ബാധിക്കില്ല എന്നതാണ‌് ഈ അക്കാദമിയുടെ പ്രത്യേകത.

ഇടുക്കിയിൽ അഞ്ചേക്കർ സ്ഥലത്താണ‌് വോളിബോൾ അക്കാദമി. 3.47 കോടി മുതൽമുടക്കിൽ നിർമിച്ച അക്കാദമിയിൽ ഫ്ലഡ‌്‌ലിറ്റ‌് ഇൻഡോർ സ‌്റ്റേഡിയമുണ്ട‌്. ഇവിടെ മൂന്നു കോർട്ട‌്, 40 പേർക്ക‌് താമസിക്കാവുന്ന ആധുനിക സൗകര്യങ്ങളുള്ള ഹോസ‌്റ്റൽ എന്നിവയുണ്ട‌്.

വയനാട്ടിലെ അമ്പെയ‌്ത്ത‌് അക്കാദമിയുടെ നിർമാണം അവസാനഘട്ടത്തിലാണ‌്. കേരളത്തിലെ വനവാസി ഗോത്രങ്ങളുടെ ഇടയിൽ പ്രഗത്ഭരായ അമ്പെയ‌്ത്തുകാർ ഉണ്ടെന്ന വസ‌്തുത പരിഗണിച്ചാണ‌് വയനാടിനെ അക്കാദമി സ്ഥാപിക്കാൻ തെരഞ്ഞെടുത്തത‌്. ആദിവാസി വിഭാഗത്തിലെയും മറ്റ‌ു പ്രദേശങ്ങളിലെ പ്രതിഭകളെയും കണ്ടെത്തി ഇവിടെ പരിശീലനം നൽകും. ആധുനിക ഫൈബർ ഗ്ലാസ‌് ഉപകരണങ്ങളിൽ രാജ്യാന്തര നിലവാരത്തിലാണ‌് പരിശീലനം നൽകുക. ഒരു സ‌്പോർട‌്സ‌് ഹോസ‌്റ്റലിൽ വിവിധയിനങ്ങളിൽ പരിശീലനം നൽകുന്ന രീതിക്ക‌ു പകരം, ഒരു കായികയിനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച‌് താരങ്ങളെ വളർത്തിയെടുക്കുകയാണ‌് ഈ അക്കാദമികളിലൂടെ ലക്ഷ്യംവയ‌്ക്കുന്നത‌്.

© 2024 Live Kerala News. All Rights Reserved.