ഹാഫിസ് സഈദിന്‍റെ ജമാഅത്തുദ്ദഅ്‍വയെ പാക്കിസ്ഥാൻ നിരോധിച്ചു

ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഹാഫിസ് സഈദിന്‍റെ ജമാഅത്തുദ്ദഅ്‍വയെ പാക്കിസ്ഥാൻ നിരോധിച്ചു. സംഘടനയുടെ ജീവകാരുണ്യ വിഭാഗമായ ഫലാഹെ ഇൻസാനിയത് ഫൗണ്ടേഷനും നിരോധനം ബാധകമാണ്.

ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഈ സംഘടനകളെ 1997 ലെ ഭീകരവിരുദ്ധ നിയമം പ്രകാരം നിരോധിച്ചതായി വാർത്താ എജൻസിയായ എഎൻഐയാണ് റിപ്പോർട്ടു ചെയ്തത്. പാക് ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ജമാഅത്തുദ്ദഅ്‍വക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

നിരോധിത സംഘടനകളിലെ അംഗങ്ങളായ 44 പേരെ പാകിസ്താന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്‍. ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ മുഫ്ത്തി അബ്ദുര്‍റഊഫ്, ബന്ധു ഹമദ് അസ്ഹര്‍ എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്.

166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം നടത്തിയത് ജമാഅത്തുദ്ദഅ്‍വയുടെ ഭാഗമായ ലഷ്കറെ തയിബയായിരുന്നു. വീട്ടുതടങ്കലിലായിരുന്ന സയീദിനെ പാക്ക് ഭരണകൂടം 2017 നവംബറിൽ മോചിപ്പിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.