സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍

കാസര്‍കോഡ്: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമായി നടത്തുമെന്നും പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് അക്രമം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഞായറാഴ്ച രാത്രി എട്ടോടെ കല്യോട്ട്- തന്നിത്തോട് റോഡിലെ കണ്ണാടിപ്പാറയിലാണ് സംഭവം. കല്യോട്ട് സ്വദേശികളായ കൃപേഷ് (19), ശരത് ലാല്‍ (ജോഷി- 24) എന്നിവരാണു കൊല്ലപ്പെട്ടത്. പെരിയ കല്യോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ഇടിച്ചു വീഴ്ത്തിയശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൃപേഷ് സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭരണത്തിന്റെ മറവില്‍ സിപിഎം ഗുണ്ടകള്‍ നടത്തിയ ആസൂത്രിത കൊലപാതകമാണിതെ ന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഇരട്ടക്കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.