മുല്ലപ്പള്ളിയുടെ ജാഥ ബിജെപി കോൺഗ്രസ‌് ധാരണ ഉറപ്പിക്കാൻ: കോടിയേരി

ബിജെപി അണികളെ ആകർഷിക്കാനും ബിജെപി–-കോൺഗ്രസ‌് രഹസ്യ ധാരണ വളർത്തിയെടുക്കാനുമാണ‌് കെപിസിസി യാത്രയിലൂടെ മുല്ലപ്പള്ളിയുടെ ലക്ഷ്യമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. മുഖ്യശത്രു സിപിഐ എം ആണെന്ന‌് പറയുന്നത‌് ഇതുകൊണ്ടാണ‌്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇപ്പോൾ തന്നെ ഈ രഹസ്യധാരണ രൂപപ്പെട്ടു കഴിഞ്ഞതായും അദ്ദേഹം മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.മറ്റ‌് സംസ്ഥാനങ്ങളിലും ഇതുതന്നെ അവസ്ഥ.

കർണാടകയിൽ കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് ചാടിപ്പോകാതിരിക്കാർ റിസോർട്ടുകളിൽ ബലമായി താമസിപ്പിക്കുകയാണ‌്.
മുല്ലപ്പള്ളിയുടെ കൂടെ മന്ത്രിയായിരുന്ന ആന്ധ്രയിലെ മുതിർന്ന നേതാവ‌് കിഷോർ ചന്ദ്രദേവ‌് കഴിഞ്ഞ ദിവസം കോൺഗ്രസ‌് വിട്ടു.
വലിയ ഒറ്റ കക്ഷിയാവാനാണ‌് തങ്ങളുടെ ശ്രമമെന്നാണ‌് കോൺഗ്രസ‌് വാദം. ഗോവയിലും മണിപ്പൂരിലും കോൺഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. എന്നാൽ മന്ത്രിസഭയുണ്ടാക്കിയത‌് ബിജെപിയും.

കോൺഗ്രസ‌് ടിക്കറ്റിൽ ജയിച്ച‌് പോകുന്നയാൾ പാർലമെന്റിലെത്തിയാൽ ബിജെപിയിലെത്തില്ലെന്ന‌് എന്താണ‌് ഉറപ്പ‌്. ബംഗാളിൽ ഞായറാഴ‌്ച ബ്രിഗേഡ‌് പരേഡ‌് മൈതാനത്ത‌് നടന്ന സിപിഐ എമ്മിന്റെ മഹാറാലി ജനങ്ങളിൽ ചർച്ചയാവാതിരിക്കാനാണ‌് അതേ ദിവസം തന്നെ ബിജെപി സിബിഐയെക്കൊണ്ട‌് ബംഗാളിൽ നാടകം നടത്തിയത‌്. ശാരദ ചിട്ടി ഫണ്ട‌് അഴിമതി നടന്നിട്ട‌് കുറേ കാലമായി. ഇത‌് അന്വേഷിക്കണമെന്ന ആവശ്യം ബിജെപി അവഗണിക്കുകയായിരുന്നു. മമത തങ്ങളെ പിന്തുണക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ.
അത‌് നഷ‌്ടപ്പെട്ടപ്പോഴാണ‌് റെയ‌്ഡ‌് നാടകം.

കേരളത്തിൽ സിപിഐ എം സീറ്റ‌് ചർച്ച ആരംഭിച്ചിട്ടില്ലെന്നും അത‌് തുടങ്ങുമ്പോഴേ സ്ഥാനാർഥികളെ സംബന്ധിച്ച മാനദണ്ഡം രൂപപ്പെടുത്തുകയുള്ളുവെന്നും ചോദ്യത്തിന‌് മറുപടിയായി കോടിയേരി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.