മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ അടിച്ചുകൊന്നു

വര്‍ക്കല : മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ അടിച്ചുകൊന്നു. 24 വയസ്സുള്ള യുവാവിനെയാണ് വളരെ ക്രൂരമായി അടിച്ചുകൊന്നത്. വര്‍ക്കലയിലാണ് സംഭവം. വാഹനത്തില്‍ നിന്ന് പെട്രോള്‍ ഊറ്റിയെന്ന് ആരോപിച്ചാണ് വര്‍ക്കല മാന്തറ കുഴക്കായ് ചരിവിള വീട്ടില്‍ അനന്തുമോഹനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ജനുവരി 30നാണ് സംഭവം.

മാന്തറ സ്വദേശിയായ മുഹമ്മദ് അബ്ദുള്ള കമ്പുകൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അനന്തു ഇന്ന് മരണമടയുകയായിരുന്നു. മാത്രമല്ല, അയിരൂര്‍ പോലീസ് കൊലപാതകത്തിന് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. പ്രതിയായ മുഹമ്മദ് അബ്ദുള്ളയും അനന്തുമോഹനും അയല്‍ക്കാരായിരുന്നു. അനന്തു മുഹമ്മദിന്റെ വാഹനത്തില്‍ നിന്ന് പെട്രോള്‍ മോഷ്ടിച്ചു എന്നാരോപിച്ചതിനെ തുടര്‍ന്ന് തര്‍ക്കവും സംഘട്ടനവും ഉണ്ടാകുകയുണ്ടായി. എന്നാല്‍, മോഷണക്കുറ്റം അനന്തു നിഷേധിച്ചെങ്കിലും ഇയാളെ പ്രതി മര്‍ദ്ദിച്ച് അവശനിലയിലാക്കുകയായിരുന്നു.

മരക്കമ്പ് കൊണ്ട് അനന്തുവിന്റെ തലക്കടിയേറ്റുവെന്നും ഇതാണ് മരണകാരണമെന്നും അയിരൂര്‍ പോലീസ് അറിയിച്ചു. കേസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുഹമ്മദിനെ കൂടാതെ മറ്റാരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം നിലവില്‍ പോലീസ് പരിശോധിച്ചുവരികയാണ്. അനന്തുവിനെ അവസാനമായി ഫോണ്‍ ചെയ്ത റഫീഖ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

നിലവില്‍ മുഹമ്മദ് അബ്ദുള്ള ഒളിവിലാണ്. പ്രതിക്കെതിരെ ഇതിന് മുമ്പും പല കേസുകളും ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് അയിരൂര്‍ എസ് ഐ പറഞ്ഞു. അനന്തുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. അതായത്, രാത്രിയില്‍ വിളിച്ചുവരുത്തി മോഷണം സംബന്ധിച്ച് ചോദ്യം ചെയ്യുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ ഇയാളുടെ തലക്കടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.പിന്നീട് തലയ്ക്ക് സാരമായി പരിക്കേറ്റ അനന്തുവിനെ ആദ്യം വര്‍ക്കല ആശുപത്രിയിലും അതിനുശേഷം പാരിപ്പള്ളി ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അതേസമയം, ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൂടാതെ, തലക്കേറ്റ് മര്‍ദ്ദനമാണ് മരണകാരണമായതെന്ന് ഡോക്ടര്‍ അറിയിച്ചതായി പോലീസ് വ്യക്തമാക്കി. വേടര്‍സമുദായാംഗമായ അനന്തു കൂലിപ്പണിക്കാരനായിരുന്നുവെങ്കിലും മേളത്തോടുളള കമ്പംകൊണ്ട് ഇടക്ക് ചെണ്ടകൊട്ടാനും പോവുമായിരുന്നു.