അയോധ്യ‌ാപ്രശ്‌നം പരിഹരിക്കാൻ 24 മണിക്കൂർ മതി ; യോഗി ആദിത്യനാഥ‌്

സുപ്രീംകോടതിക്ക‌് കഴിയില്ലെങ്കിൽ ‘രാമ ജന്മഭൂമി’ പ്രശ‌്നം 24 മണിക്കൂർകൊണ്ട‌് തങ്ങൾ പരിഹരിക്കാമെന്ന‌ വെല്ലുവിളിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌്. കോടതിവിധി നീട്ടിക്കൊണ്ടുപോയി ജനങ്ങളുടെ ക്ഷമയും വിശ്വാസവും പരീക്ഷിക്കുകയാണ‌്. ഉടൻ വിധി പ്രഖ്യാപിക്കണം, അതിന‌് കഴിയുന്നില്ലെങ്കിൽ ആ പ്രശ‌്നം കോടതി തങ്ങൾക്ക‌് കൈമാറണം. അത‌് 24 മണിക്കൂറിനുള്ളിൽ പരിഹരിക്കും. അയോധ്യക്കേസ‌ിൽ അന്തിമവിധി പ്രഖ്യാപിക്കാനിരിക്കെയാണ‌് സുപ്രീംകോടതിയെ സമ്മർദത്തിലാക്കുന്ന പരാമർശവുമായി ആദിത്യനാഥ‌് രംഗത്തെത്തിയത‌്. ഒരു ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ‌് ആദിത്യനാഥിന്റെ പ്രതികരണം.

ഹിന്ദുക്ഷേത്രം തകർത്താണ‌് ബാബറി കെട്ടിടം നിർമിച്ചതെന്ന കാഴ‌്ചപ്പാടിലാണ‌് അലഹബാദ‌് ഹൈക്കോടതി ഡിവിഷൻ ബെഞ്ച‌് വിധി പ്രഖ്യാപിച്ചത‌്. അല്ലാതെ ഭൂമി വിഭജനവിഷയത്തിലല്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഖനനത്തിനുശേഷം ബാബറി കെട്ടിടം ഹിന്ദുക്ഷേത്രം തകർത്തിട്ടാണ‌് നിർമിച്ചതെന്ന‌് റിപ്പോർട്ടുണ്ട‌്. 1994ൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ‌്മൂലം പരിഗണിച്ച‌് നീതി ലഭ്യമാക്കാൻ കോടതി തയ്യാറായാൽ രാജ്യത്തിന‌് അത‌് മികച്ച സന്ദേശം നൽകുമെന്ന‌് ആദിത്യനാഥ‌് പറഞ്ഞു.