മകരവിളക്ക‌് : ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക‌് ഒരുക്കിയ സൗകര്യങ്ങളില്‍ പൂര്‍ണ സംതൃപ‌്തി അറിയിച്ച് നിരീക്ഷക സമിതി

സന്നിധാനം: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക‌് ഒരുക്കിയ സൗകര്യങ്ങളില്‍ പൂര്‍ണ സംതൃപ‌്തി അറിയിച്ച് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി. നിലയ‌്ക്കല്‍, പമ്ബ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷം വ്യാഴാഴ‌്ച രാത്രിയാണ‌് സമിതിയംഗങ്ങള്‍ സന്നിധാനത്തെത്തിയത‌്.

ബെയ‌്സ‌് ക്യാമ്ബായ നിലയ‌്ക്കലും സന്നിധാനത്തും കഴിഞ്ഞതവണ സന്ദര്‍ശിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളുണ്ടെന്ന‌് നിരീക്ഷണസമിതി അംഗങ്ങളായ ജസ്റ്റിസ് എസ് സിരിജഗന്‍, പി ആര്‍ രാമന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവര്‍ വിലയിരുത്തി.

സുരക്ഷാ കാരണങ്ങളാല്‍ പമ്ബ ഹില്‍ടോപ്പില്‍ മകരവിളക്ക‌് കാണാന്‍ തീര്‍ഥാടകര്‍ കയറുന്നത‌് സമിതി വിലക്കി. ഇവിടെ കയറുന്നത‌് തടയണമെന്നും വിലക്ക‌് രേഖപ്പെടുത്തുന്ന ബോര്‍ഡ‌് സ്ഥാപിക്കണമെന്നും ദേവസ്വം ബോര്‍ഡിനോട‌് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ പാണ്ടിത്താവളം ഭാഗത്ത‌് മകരവിളക്ക‌് ദര്‍ശനത്തിനായി ഒരുക്കിയ സൗകര്യങ്ങള്‍ പരിശോധിച്ചു. ഇവിടെ 75,000 പേര്‍ക്ക‌് മകരവിളക്ക‌് കാണാം. സന്നിധാനത്ത‌് ഏറ്റവും കൂടുതല്‍ പേര്‍ വിളക്കു കാണുന്നതും ഇവിടെ നിന്നാണ്.

ഇതു കൂടാതെ എട്ടു കേന്ദ്രങ്ങളിലാണ‌് മകരവിളക്ക് ദര്‍ശിക്കാനുള്ള സൗകര്യമുള്ളത‌്. ഇക്കുറി കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സ്ഥലം ദര്‍ശനത്തിന് ലഭിച്ചുവെന്ന‌് സമിതി വിലയിരുത്തി. തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ പോലീസുമായും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ചചെയ്തു.

© 2024 Live Kerala News. All Rights Reserved.