റെയിൽവേ സ്റ്റേഷനിലും ‘ചെക്ക് ഇന്‍’ വരുന്നു

ന്യൂഡൽഹി > വിമാനത്താവളങ്ങളെ പോലെ ചെക്ക് ഇന്‍ സംവിധാനം റെയിൽവേ സ്റ്റേഷനുകളിലും ഏര്‍പ്പെടുത്താന്‍ നീക്കം. വിമാനയാത്രാ മാതൃകയില്‍ യാത്ര പുറപ്പെടുന്ന നിശ്ചിത സമയത്തിന് മുമ്പ് യാത്രക്കാര്‍ സ‌്റ്റേഷനിൽ ചെക്ക‌് ഇൻ ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനാണ് ശ്രമം. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മുതല്‍ 20 മിനിറ്റ് നേരത്തെ യാത്രക്കാരൻ സ്റ്റേഷനില്‍ എത്തി സുരക്ഷാ പരിശോധനകള്‍ക്ക‌് വിധേയനാകണം. കുംഭമേളയോടനുബന്ധിച്ച‌് പ്രയാഗ‌്‌രാജിൽ ഈ സംവിധാനം നടപ്പാക്കി. 202 സ‌്റ്റേഷനുകളിൽ ഇത‌് നടപ്പാക്കുന്നത‌് ആലോചനയിലുണ്ടെന്ന‌് ആർപിഎഫ‌് ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു.

റെയിൽവേ സ്‌റ്റേഷനിലേക്ക‌് കടക്കാനുള്ള വഴികൾ പ്രത്യേകം നിശ്ചയിച്ച‌് റെയിൽവേ സുരക്ഷാസേനയെ വിന്യസിച്ചും ഗേറ്റുകളും മതിലും സ്ഥാപിച്ചാണ് പരിശോധന നടത്തുക. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കില്ല. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാകും പരിശോധന. 2016ൽ തയ്യാറാക്കിയ പദ്ധതിപ്രകാരമുള്ള ഇന്റഗ്രേറ്റഡ‌് സെക്യൂരിറ്റി സിസ്റ്റം (ഐഎസ‌്എസ‌്) ആണിത‌്. സിസിടിവി, ബാഗേജ‌് സ‌്ക്രീനിങ‌് സിസ‌്റ്റം എന്നിവ അടക്കമുള്ള ഐഎസ‌്എസ‌ിനായി 385 കോടിയാണ‌് ചെലവ‌് കണക്കാക്കുന്നത‌്. മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഉപയോ​ഗിക്കും.

© 2024 Live Kerala News. All Rights Reserved.