നിവിന്‍ പോളിക്കൊപ്പം എഎസ്പി ഫോട്ടോയെടുത്ത സംഭവം; ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

 
സ്വകാര്യ ചടങ്ങിനിടെ ചലചിത്ര താരം നിവിന്‍ പോളിക്കൊപ്പം ഫോട്ടോയെടുത്ത എഎസ്പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി !ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ പൊതുചടങ്ങില്‍ സ്ഥാനത്തിനു ചേരാത്തവിധം പെരുമാറി എന്ന പരാതിയിലാണ് നടപടി. ചടങ്ങിനിടെ നിവിന്‍ പോളിയോടൊപ്പം എഎസ്പി ഫോട്ടോയെടുത്തത് വിവാദമായിരുന്നു

നിവിന്‍ പോളിക്കൊപ്പം താന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോടു പ്രതികരിച്ചുകൊണ്ട് യുവ ഐപിഎസ് ഉദ്യോഗസ്ഥ മെറിന്‍ ജോസഫ് രംഗത്തെത്തിയിരുന്നു. തമാശയായി കണക്കാക്കേണ്ട സംഭവത്തെ വിവാദമാക്കാനാണ് ചില മാധ്യമങ്ങള്‍ അടക്കം ശ്രമിച്ചതെന്ന് പരാതിപ്പെട്ടാണ് മെറിന്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്.

കിലുക്കത്തിലെ രേവതിയുടെ മട്ടില്‍ ഇത്രയേ സംഭവിച്ചുള്ളൂവെന്നും ഇതിനാണോ ഈ പുകിലൊക്കെയെന്നും നിഷ്‌കളങ്കമായി ചോദിച്ചാണ് തുടക്കമെങ്കിലും എന്തിനെയും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയെന്ന് പറഞ്ഞ് മുതിര്‍ന്നവരുടെ മട്ടില്‍ വിമര്‍ശനവുമായാണ് മെറിന്‍ പോസ്റ്റ് അവസാനിപ്പിച്ചത്.

എംഎല്‍എയുടെ ക്ഷണപ്രകാരം ഔദ്യോഗിക ഉത്തരവാദിത്തമൊന്നും ഇല്ലാതെയാണ് താന്‍ ചടങ്ങിലേക്ക് എത്തിയത്. കുട്ടികള്‍ക്കൊരു പ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ളത് കഴിഞ്ഞ് വേറൊന്നും ചെയ്യാനില്ലാതെ വേദിയില്‍ നിന്നപ്പോള്‍, എംഎല്‍എക്കും നടനുമൊപ്പം ചില തമാശകള്‍ പറഞ്ഞതിന് പിന്നാലെയാണ് ചിത്രമെടുത്തത്. കുഴപ്പമില്ലെന്ന് എംഎല്‍എയുടെ സമ്മതവും വാങ്ങിയശേഷമായിരുന്നു അതെന്നും മെറിന്‍ വിശദീകരിച്ചു.

© 2024 Live Kerala News. All Rights Reserved.