കേന്ദ്രസര്‍ക്കാര്‍ ചരക്കു സേവന നികുതി വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ചരക്കു സേവന നികുതി വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു. അങ്ങനെ ജി.എസ്.ടി ഇനി കുറയുകയാണ്. ചില സാധനങ്ങള്‍ക്കാണ് വില കുറയ്ക്കുന്നത്. അതായത്, എ.സി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ഗെയിം തുടങ്ങിയവയുടെ വിലയാണ് കുറയാനിടയൊരുക്കിയിരിക്കുന്നത്. നിലവില്‍ ഇവയുടെ നികുതി നിരക്ക് 28 ശതമാനമാണ്. അതാണ് ഇനി കുറയുന്നത്.അതായത്,ഇത് 18 ശതമാനമോ അതില്‍ താഴെയോ ആക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.ശനിയാഴ്ച നടക്കുന്ന ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

99 ശതമാനം വസ്തുക്കളുടെയും നികുതി നിരക്ക് പരമാവധി 18 ശതമാനത്തില്‍ പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെ നികുതി കുറയുമെന്ന സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ മിക്ക ഉത്പന്നങ്ങളെയും 18 ശതമാനം നികുതി നിരക്കിന് താഴെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കേന്ദ്രം നികുതി നിരക്ക് കുറയ്ക്കാനൊരുങ്ങുന്നത്. കൂടാതെ, വാട്ടര്‍ ഹീറ്റര്‍, പെയിന്റുകള്‍, പെര്‍ഫ്യൂമുകള്‍, ട്രാക്ടറുകള്‍, വാഹനങ്ങളുടെ ഘടകങ്ങള്‍, വാക്വം ക്ലീനറുകള്‍, ഹെയര്‍ ക്ലിപ്പുകള്‍, ഷേവറുകള്‍, സിമന്റ്, പുട്ടി, വാര്‍ണിഷ്, മാര്‍ബിള്‍ തുടങ്ങിയവയ്ക്കും വിലകുറയുമെന്നാണ് വിവരം. ഇതിനുപുറമെ പരമാവധി ഉതപന്നങ്ങളെ ഭാവിയില്‍ 15 ശതമാനം നികുതി നിരക്കില്‍ എത്തിക്കുമെന്നാണ് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞിരുന്നത്.ആഡംബര വാഹനങ്ങള്‍, ഉല്ലാസ നൗകകള്‍, സ്വകാര്യ വിമാനങ്ങള്‍, സിഗരറ്റ്, പാന്‍മസാല, പുകയില ഉത്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവയ്ക്ക് നിലവിലുള്ള 28 ശതമാനം തുടരും.

© 2024 Live Kerala News. All Rights Reserved.