ബ്രെക‌്‌സിറ്റ‌്: ഭാവിബന്ധത്തിന‌് കരട‌് ഉടമ്പടിയായി

ലണ്ടൻ > ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തിന‌് കരട‌് ഉടമ്പടിക്ക‌് തത്വത്തിൽ അംഗീകാരം. ബുധനാഴ‌്ച ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യൻ കമീഷൻ പ്രസിഡന്റ‌് ഴാങ‌് ക്ലൗഡ‌് ജങ്കറുമായി ബ്രസൽസിൽ കൂടിക്കാഴ‌്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ‌് രാഷ‌്ട്രീയ പ്രഖ്യാപനം പുറത്തുവന്നത‌്. ഇത‌് ബ്രിട്ടനുവേണ്ടിയുള്ള ശരിയായ തീരുമാനമാണെന്ന‌് തെരേസ മെയ‌് പ്രതികരിച്ചു. ബ്രിട്ടീഷ‌് ജനതയ്ക്ക‌് ഇൗ വിഷയത്തിൽ തീരുമാനമാക്കണമായിരുന്നു. ശോഭനമായ ഭാവിക്കായി അവർക്ക‌് ഒരു നല്ല തീരുമാനം വേണ്ടിയിരുന്നു. ആ കരാർ ഞങ്ങളെ പിടിച്ചു നിർത്തിയിരിക്കുന്നു–- മെയ‌് പറഞ്ഞു.

ഇയു അംഗരാജ്യങ്ങളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും മൂലധനത്തിന്റെയും ജനങ്ങളുടെയും സ്വതന്ത്രസഞ്ചാരത്തിൽ ബ്രിട്ടന്റെ ഇടപെടലുണ്ടാകില്ലെന്ന‌് കരടുരേഖ ഉറപ്പുവരുത്തി. യൂറോപ്യൻ യൂണിയനും ബ്രിട്ടനുമായുള്ള ഭാവിബന്ധത്തിന്റെ രാഷ്ട്രീയപ്രഖ്യാപന കരടുരേഖ യൂറോപ്യൻ യൂണിയന‌് അയച്ചെന്ന‌് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ‌് ഡോണൾഡ‌് ടസ‌്ക‌് ട്വീറ്റ‌് ചെയ‌്തു. തത്വത്തിൽ ഉടമ്പടിയായെന്നും രാഷ‌്ട്രീയതലത്തിൽ തീരുമാനമായെന്നും കമീഷൻ പ്രസിഡന്റ‌് അറിയിച്ചതായും ടസ‌്ക‌് പറഞ്ഞു. കൂടുതൽ ചർച്ചകൾക്കായി മേയ‌് ശനിയാഴ‌്ച ബ്രസൽസിലേക്ക‌് തിരിക്കും. ഇയു പാർലമെന്റും ബ്രിട്ടീഷ‌് പാർലമെന്റും കരട‌് രേഖ അംഗീകരിക്കേണ്ടതുണ്ട‌്.

© 2024 Live Kerala News. All Rights Reserved.